സ്വന്തം ലേഖകൻ
തൃശൂർ: സൈബർ തട്ടിപ്പുകാർ ഇപ്പോൾ എട്ടിന്റെ പണി കൊടുത്തുകൊണ്ടിരിക്കുന്നതു പോലീസിനിട്ടാണ്.
പോലീസ് അക്കാദമി നൽകുന്ന ഇന്റേണ്‍ഷിപ്പുകൾക്കു പണം ആവശ്യ പ്പെട്ടും ഡിവൈഎസ്പിയുടെ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പണം ചോദിച്ചുമാണു പുതിയ തട്ടിപ്പുകൾക്കു ശ്രമം നടക്കുന്നത്.
ഇതു രണ്ടും പോലീസ് കണ്ടെത്തി പൊതുജനങ്ങൾക്കു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.
കേരള പോലീസ് അക്കാദമിയിൽ ഇന്റേണ്‍ഷിപ്പ് നൽകുന്നുണ്ടെന്നും അതിനു ഫീസുണ്ടെന്നും പറഞ്ഞാണു വ്യാജപണപ്പിരിവിനു ശ്രമം നടന്നിരിക്കുന്നത്.
ഫോറൻസിക്, ക്രിമിനോളജി,ജേർണലിസം തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു രാമവർമപുരം പോലീസ് അക്കാദമിയിൽ സൗജന്യമായി ഇന്റേണ്‍ഷിപ്പ് നൽകുന്നുണ്ട്.
എന്നാൽ ഇത് അതാതു സ്ഥാപന മേധാവികളുടേയും ഡിജിപിയുടേയും പോലീസ് അക്കാദമി ഡയറക്ടറുടേയും രേഖാമൂലമുള്ള സമ്മത അനുമതി പത്രങ്ങളുണ്ടെങ്കിൽ മാത്രമേ നടക്കൂവെന്നും വേറെ ഒരു ഏജൻസിയേയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും അക്കാദമി അധികൃതർ വ്യക്തമാക്കി.
ഇത്തരം വ്യാജ പരസ്യങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്.
വെബ്സൈറ്റിലെ തട്ടിപ്പ് പരസ്യം ശ്രദ്ധയിൽപ്പെട്ട ഉടൻ പോലീസ് അക്കാദമി അധികൃതർ ഇതു തട്ടിപ്പാണെന്നും പണം നഷ്ടപ്പെടുത്തരുതെന്നും വിവിധ സോഷ്യൽ മീഡിയകളിലൂടെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ നിന്നും കോഴിക്കോട് റൂറൽ ഡിവൈഎസ്പിയായി സ്ഥലം മാറിപ്പോയ സലീഷ് എൻ. ശങ്കരന്റെ പേരിലാണു വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ യൂണിഫോമിലുള്ള ചിത്രമെല്ലാം ഉപയോഗിച്ച് അറുപതോളം പേർക്കാണു പണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർഥനാ സന്ദേശം ചെന്നിരിക്കുന്നത്.
സംശയം തോന്നിയ ഒരു സുഹൃത്ത് നേരിൽ വിളിച്ചു ചോദിച്ചപ്പോഴാണു സലീഷ് വിവരം അറിയുന്നത്.
തുടർന്ന് അദ്ദേഹം തന്റെ യഥാർഥ എഫ്ബി അക്കൗണ്ടിൽ താൻ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യാജ എഫ്ബി അക്കൗണ്ടിൽ നിന്നുള്ള സന്ദേശമാണിതെന്നും ആരും പണം നൽകരുതെന്നും അറിയിച്ചുകൊണ്ടുള്ള പോസ്റ്റിട്ടത്.
പശ്ചിമ ബംഗാളിലുള്ള ഒരാളാണു തന്റെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ട് ഉണ്ടാക്കിയതെന്നു മനസിലായതായി സലീഷ് പറഞ്ഞു.
ഇരുപതിനായിരം രൂപയാണ് ഇയാൾ അറുപതു പേരോടും ചോദിച്ചിരിക്കുന്നത്.
ഏതായാലും രണ്ടു തട്ടിപ്പുകളും യഥാസമയം കണ്ടെത്തി മുന്നറിയിപ്പു ജാഗ്രത നൽകാൻ പോലീസിന് സാധിച്ചതിനാൽ തട്ടിപ്പുതടയാൻ സാധിച്ചു. ഇനി ഇതിലെ പ്രതികളെ കണ്ടെത്താനുള്ള നീക്കത്തിലാണു പോലീസ്.