റിച്ചാര്‍ഡ് ജോസഫ്
സൈബര്‍ ഇടങ്ങളില്‍ നിന്നുള്ള തട്ടിപ്പുകളില്‍ നിന്നും രക്ഷനേടുന്നതിനു വളരെയേറെ ശ്രദ്ധ വേണം.
ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഇത്തരത്തിലുള്ള ബാങ്കിംഗ് ഇടപാടുകള്‍ നടത്തുമ്പോള്‍ വിവേകവും സംയമനവും പാലിക്കണം. ഏതെങ്കിലും പേയ്മെന്റ് അഭ്യര്‍ഥന സ്വീകരിക്കുന്നതിനു മുമ്പ് എല്ലാം വിലയിരുത്തണം.
എല്ലാ യുപിഐ ആപ്പുകളും പേയ്മെന്റ് നടത്തുമ്പോള്‍ (മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിനു മാത്രം) അവരുടെ യുപിഐ പിന് ടൈപ്പ് ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും.
എന്നാല്‍ ഒരു രീതിയിലുള്ള പേയ്മെന്റുകളും സ്വീകരിക്കുന്നതിന് ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുകയോ പിന് ടൈപ്പ് ചെയ്യുകയോ ചെയ്യേണ്ടതില്ല.
പിന് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതുമില്ല. ഇത്തരത്തില്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പണം തട്ടാനാണെന്നു മനസിലാക്കുക.
പേയ്മെന്റ് നടത്തുമ്പോള്‍ എന്തെങ്കിലും അഭ്യര്‍ഥന സ്വീകരിക്കുന്നതിന് മുമ്പ് സന്ദേശം ശ്രദ്ധാപൂര്‍വം വായിക്കണം. സംശയമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഇടപാട് നടത്തുക.
ഇത്തരം ന്യൂജന്‍ തട്ടിപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്നും പരാതികള്‍ വളരെ കുറവാണ്. കിട്ടുന്ന പരാതികള്‍ക്ക് പോലീസ് അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുമില്ല.
പണം കൊടുത്ത് പണം നേടാം എന്ന് പറയുന്ന ന്യൂജന്‍ ആപ്പുകളിലും സൈബര്‍ ഇടങ്ങളിലും തലയിടുന്നവര്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ ഏത് നിമിഷവും പറ്റിക്കപ്പെടാം.
സൈബര്‍ ലോകത്ത് എവിടെയോ ഒളിച്ചിരിക്കുന്ന തട്ടിപ്പുകാര്‍ക്കു വേണ്ടി പണമെറിഞ്ഞ് കൊടുക്കാതിരിക്കുക.
കിട്ടുന്ന പരാതികളില്‍ കേസെടുക്കാന്‍ തയാറാവാതെ പോലീസും, നാണക്കേട് ഭയന്ന് ആരും പരാതിപ്പെടാത്തതും തട്ടിപ്പുകാര്‍ക്ക് തണലൊരുക്കുകയാണ്.
ഓരോ തട്ടിപ്പുകളും പരമാവധി ആളുകളെ പറ്റിച്ച ശേഷം പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷമാകുന്നു. അന്നുതന്നെ അവര്‍ പുതിയ പേരില്‍ പുതിയ തട്ടിപ്പ് തുടങ്ങുകയും ചെയ്യുന്നു.
വെരിഫിക്കേഷന്റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്കുന്നു.
ഉപഭോക്താക്കളെ അറിയുന്നതിനായി കമ്പനികള്‍ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) വഴി വിവരം ശേഖരിക്കുന്നുണ്ട്.
എന്നാല്‍ കെവൈസി വിവരങ്ങള്‍ നേരിട്ടോ ഔദ്യോഗിക സംവിധാനത്തിലൂടെയോ മാത്രമേ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കാവൂ എന്നാണ് പോലീസ് നിര്‍ദേശം.
ഫിഷിംഗ് സന്ദേശങ്ങള്‍
ഒറ്റനോട്ടത്തില്‍ തട്ടിപ്പെന്നു തോന്നിക്കാതെ കാര്യം അറിയുന്നതിനായി ക്ലിക്ക് ചെയ്തു പോകുന്ന തരത്തിലാണ് ഫിഷിംഗ് സന്ദേശങ്ങള്‍ തയാറാക്കുന്നത്.
ഓണ്‍ലൈന്‍ ജോലിയിലൂടെ പ്രതിദിനം 5,000 രൂപ വരെ സമ്പാദിക്കാം എന്നക്കെയാകും അത്.
ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുകാര്‍ക്ക് നമ്മുടെ ഫോണുമായി അക്സസ് ലഭിക്കും. ഇത്തരത്തിലാണ് ഇതിന്റെ ഡിസൈനിഗ്. അതിനാല്‍ ഇത്തരം ഫിഷിംഗ് സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യരുത്.
സുരക്ഷാ മുന്‍കരുതലുകള്‍
1. സ്പാം കോളുകള്‍, ഇ മെയിലുകള്‍, എസ്എംഎസ് എന്നിവ എപ്പോഴും സംശയത്തോടെ കാണുക. ഇവ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്.
2. ഒരു കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവാണെന്ന് അവകാശപ്പെടുന്ന ആരുമായും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഒടിപി, പിന് എന്നിവ പങ്കിടരുത്.
3. ലിങ്കുകള്‍ വഴി നല്കുന്ന ഓണ്‍ലൈന്‍ ഫോമില്‍ ഒരിക്കലും ബാങ്കിംഗ്, കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ നല്‍കരുത്. നിങ്ങളുടെ രേഖകള്‍ മോഷ്ടിക്കപ്പെട്ടേക്കാം.
4. കെവൈസി(നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) വെരിഫിക്കേഷന് ആപ്ലിക്കേഷന്‍ എന്ന പേരില്‍ സ്ക്രീന്‍ ഷെയര്‍ ആപ്പ് തട്ടിപ്പുകാര്‍ അയയ്ക്കുന്നതിനു സാധ്യതയുണ്ട്.
ഇതുവഴി അവര്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് ആക്സസ് ലഭിക്കുകയും നിങ്ങള്‍ തട്ടിപ്പിന് ഇരയാകുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ ആധികാരികമാണെന്ന് ഉറപ്പാക്കുക.
5. തട്ടിപ്പുകാര്‍ അയയ്ക്കുന്ന ലിങ്കുകള്‍ വഴി (ക്യുആര്‍എല്‍) നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വ്യാജ ആപ്പുകളിലൂടെ മറ്റു ഡിജിറ്റല്‍ വാലറ്റ് / അക്കൗണ്ടുകളിലേക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
6. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍ മുതലായവയില്‍ നിന്ന് വരുന്നതായി തോന്നുന്ന ഫിഷിംഗ് സന്ദേശങ്ങള്‍, ഇ മെയിലുകള്‍ എന്നിവയിലെ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അവര്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍
വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തേക്കാം.
7. വെരിഫിക്കേഷനായി ആരെങ്കിലും അയയ്ക്കുന്ന വ്യാജക്യുആര് കോഡ് സ്കാന്‍ ചെയ്യരുത്. അതുവഴി നമ്മുടെ അക്കൗണ്ടില്‍ നിന്നു പണം നഷ്ടമാകുന്നതിനു കാരണമാകും.
8. ജാഗ്രത പാലിക്കുക, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം, ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക.