കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിൾ മോഷ്്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന ജസ്റ്റിനു മുഖ്യമന്ത്രിയുടെ വക സൈക്കിൾ. ഉരുളികുന്നം കണിച്ചേരിൽ വീട്ടിലേക്കാണ് ചെവ്വാഴ്ച ഉച്ചയ്ക്ക് പുതുപുത്തൻ സൈക്കിളെത്തിയത്്.
കൊണ്ടുവന്നതു കോട്ടയം ജില്ലാ കളക്്ടർ എം. അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷ് ഒന്പതു വയസുള്ള മകൻ ജസ്റ്റിനു വാങ്ങി നൽകിയ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച്ച രാത്രി വീട്ടുമുറ്റത്തുനിന്ന് മോഷണം പോയത്.
ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേർ പങ്കുവച്ചിരുന്നു.സൈക്കിൾ തിരികെ കിട്ടാൻ കാത്തിരിക്കുന്ന കുടുംബത്തെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ പുതിയ സൈക്കിൾ വാങ്ങി നൽകാൻ മുഖ്യമന്ത്രി കോട്ടയം ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
കൈകൾക്കും കാലുകൾക്കും വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്.ഇന്നലെ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞയുടൻ കോട്ടയത്തു നിന്നു സൈക്കിൾ വാങ്ങി കളക്്ടർ സുനീഷിന്റെ വീട്ടിൽ എത്തുകയായിരുന്നു.
കാണാതായ സൈക്കിളിന്റെ അതേ നിറത്തിലുള്ള പുത്തൻ സൈക്കിൾ സ്വന്തമായപ്പോൾ ജസ്റ്റിൻ മനസു നിറഞ്ഞുചിരിച്ചു. ഒപ്പം സുനീഷും ഭാര്യ ജിനിയും മകൾ ജസ്റ്റിയയും. പത്രവാർത്ത വന്നപ്പോഴും ഇങ്ങനെയൊരു ഇടപെടൽ പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ സങ്കടം മുഖ്യമന്ത്രി മനസിലാക്കിയതിന് ഒത്തിരി നന്ദിയുണ്ട്-സുനീഷ് രാഷ്്ട്രദീപികയോടു പറഞ്ഞു.