കോൽക്കത്ത: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് 38 കിലോ മീറ്റർ സൈക്കിൾ ചവിട്ടി എത്തി പശ്ചിമ ബംഗാൾ മന്ത്രി. തൊഴിൽമന്ത്രിയും സിംഗൂരിലെ എംഎൽഎയുമായ ബെച്ചാറാം മന്നയാണ് വ്യത്യസ്തപ്രതിഷേധം നടത്തിയത്.
തൃണമൂൽ കോണ്ഗ്രസ് നേതാവായ മന്ന ഹൂഗ്ലി ജില്ലയിലെ വീട്ടിൽ നിന്ന് കോൽക്കത്തയിലെ നിയമസഭയിലേക്കാണ് സൈക്കിൾ ചവിട്ടിയത്.
നിയമസഭയുടെ ബജറ്റ് സമ്മേളനം നടന്നുവരികയാണ്. രാവിലെ എട്ടിനു വീട്ടിൽനിന്നിറങ്ങിയ എംഎൽഎ ഉച്ചയ്ക്ക് 12.30നു നിയമസഭാ മന്ദിരത്തിലെത്തി. ഇന്ധനവില നിരന്തരം വർധിപ്പിച്ച് മോദിസർക്കാർ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണെന്ന് ബെച്ചാറാം മന്ന കുറ്റപ്പെടുത്തി.
കോൽക്കത്തയിൽ പെട്രോൾ വില നൂറു കടന്നിരുന്നു. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തൃണമൂൽ കോണ്ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂലൈ 10നും 11നുമാണു പ്രതിഷേധം.