തൃപ്പൂണിത്തുറ: പുതിയകാവിന് കൗതുക കാഴ്ചയായി സൈക്കിൾ കൊണ്ടൊരു ബസ് സ്റ്റോപ്പ്. പൂർണമായും സൈക്കിളും അനുബന്ധ വസ്തുക്കളും ഉപയോഗിച്ചാണ് ബസ് കാത്തിരുപ്പു കേന്ദ്രം നിർമിച്ചിരിക്കുന്നത്.
സിപിഎം തൃപ്പൂണിത്തുറ തെക്കുംഭാഗം എട്ടെന്നിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പുതിയകാവ് പടിഞ്ഞാറെ വളവിലാണ് ആകർഷകമായ രീതിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം പണിതത്.
സൈക്കിൾ റിം, സൈക്കിൾ, സൈക്കിളിന്റെ മറ്റ് ഭാഗങ്ങൾ, ഓട് എന്നിവ ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
ഇരിപ്പിടമായി സൈക്കിളിന്റെ കാരിയർ ഉപയോഗപ്പെടുത്തിയിരിക്കുന്നു. നാൽപ്പതിനായിരത്തോളം രൂപ ചെലവിട്ട് ഒരു മാസം കൊണ്ട് നിർമാണം പൂർത്തീകരിച്ച കാത്തിരിപ്പു കേന്ദ്രത്തിൽ സാനിറ്റൈസർ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. എംഎൽഎ എം. സ്വരാജ് ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മുൻപ് തൃപ്പൂണിത്തുറ വൈക്കം റോഡിലെ കിണർ സ്റ്റോപ്പിൽ നിർമിച്ച പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ടുള്ള ബസ് കാത്തിരുപ്പ് കേന്ദ്രവും നിർമാണത്തിലെ പ്രത്യേകത മൂലം ശ്രദ്ധാകേന്ദ്രമായിരുന്നു.