ഇതു സൈക്കിളുകളുടെ സെമിത്തേരി… ഒന്നും രണ്ടുമല്ല ആയിരക്കണക്കിനു സൈക്കിളുകളാണ് ഇവിടെക്കൊണ്ടു തള്ളിയിരിക്കുന്നത്.
ഒാരോദിവസം അവയുടെ എണ്ണം കൂടിക്കൂടി വരികയുമാണ്.
കുറെയൊക്കെ നന്നാക്കിയെടുക്കാവുന്നതാണ്, ബാക്കി ആക്രിയും. ചൈനയിലെ ചെങ്ദുവിലാണ് ഈ സൈക്കിൾ കാഴ്ച.എന്നാൽ, ഇത് ഇവിടത്തെ മാത്രം കാഴ്ചയല്ല, ചൈനയിൽ പലേടത്തും ഇതുപോലെയുള്ള സൈക്കിൾ സെമിത്തേരികൾ കാണാം.
ലോകത്തിൽ ഏറ്റവും കൂടുതൽ സൈക്കിളുകൾ ഉപയോഗിക്കപ്പെടുന്ന രാജ്യം കൂടിയാണ് ചൈന. ഇതു തന്നെയാണ് ഇത്രയധികം സൈക്കിളുകൾ കുന്നുകൂടാനും കാരണം.
ജാക്കി ഷീ എന്ന ഫോട്ടോഗ്രാഫറാണ് ഈ സൈക്കിൾ കാഴ്ച കാമറയിൽ പകർത്തിയിരിക്കുന്നത്. സൈക്കിളുകളും മറ്റു വസ്തുക്കളും നന്നാക്കിയെടുക്കാൻ പോലും മെനക്കെടാതെ ഉപേക്ഷിക്കുന്ന ശൈലി സമൂഹത്തിൽ വളർന്നു വരികയാണെന്നു അദ്ദേഹം പറയുന്നു.
അതാണ് ഉപേക്ഷിക്കപ്പെടുന്ന സൈക്കിളുകളുടെ എണ്ണം പെരുകാൻ കാരണം. അതേസമയം, ഇങ്ങനെ ഉപേക്ഷിക്കുന്നവയിൽ കൊള്ളാവുന്ന സൈക്കിളുകൾ നന്നാക്കിയെടുത്തു വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനങ്ങളും ചൈനയിൽ സജീവമാണ്.
മൊബൈൽ ഫോണിൽ കോഡ് സ്കാൻ ചെയ്തിട്ടാണ് സൈക്കിളുകൾ വാടകയ്ക്കു നൽകുന്നത്. സൈക്കിൾ വാടകയ്ക്ക് എടുത്തു കബളിപ്പിച്ചു സ്ഥലം വിടാമെന്നും കരുതേണ്ടേ. വാടക സമയം കഴിയുന്പോൾ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചു സൈക്കിൾ ലോക്ക് ചെയ്യാൻ സ്ഥാപനത്തിനു കഴിയും.