കൊടകര: മുൻ പഞ്ചായത്തംഗവും ബിജെപി കൊടകര പഞ്ചായത്ത്് ജനറൽ സെക്രട്ടറിയുമായ പി.എം.കൃഷ്ണൻകുട്ടിക്കു (53) മുപ്പതു വർഷമായി സൈക്കിൾ സന്തത സഹചാരിയാണ്.
2010 -15 കാലയളവിൽ കൊടകര പഞ്ചായത്തിലെ 13-ാം വാർഡ് അംഗമായിരുന്ന കൃഷ്ണൻകുട്ടി സൈക്കിളിലാണു പഞ്ചായത്തോഫീസിൽ എത്തിയിരുന്നത്. സൈക്കിൾ ഒഴിവാക്കി ബൈക്കു വാങ്ങാൻ സഹപ്രവർത്തകരും കുടുംബാംഗങ്ങളും പല തവണ നിർബന്ധിച്ചെങ്കിലും സൈക്കിളിനെ കൈവിടാൻ കൃഷ്ണൻകുട്ടി തയാറല്ല.
കൊടകര ചെറുവത്തൂർചിറ പാട്ടാളിവീട്ടിൽ മാക്കോതയുടെ മകനായ ഇദ്ദേഹം ഇപ്പോൾ വെല്ലപ്പാടിയിലാണു താമസം. കൊടകര പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിൽ മാത്രമല്ല സമീപപ്രദേശങ്ങളായ നെല്ലായി, കല്ലേറ്റുംകര, ഇരിങ്ങാലക്കുട, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലേക്കും സൈക്കിളിൽ തന്നെയാണു യാത്ര.
കഴിഞ്ഞ 30 വർഷത്തിനിടെ ആറോളം സൈക്കിളുകൾ ഇദ്ദേഹം വാങ്ങിയിട്ടുണ്ട്. ഇപ്പോൾ ഉപയോഗിക്കുന്ന സൈക്കിൾ ഒന്പതു വർഷം മുന്പു വാങ്ങിയതാണ്. കൊടകര പഞ്ചായത്ത് കേന്ദ്രവായനശാലയിലെ സജീവംഗം കൂടിയാണ് കൃഷ്ണൻകുട്ടി.