തൃശൂർ: എഴുപത്തിയെട്ടാം വയസിൽ 200 കിലോമീറ്റർ സൈക്കിൾറാലിയിൽ പങ്കെടുത്ത് ബ്രെവെ പദവി സ്വന്തമാക്കി തൃശൂർ സ്വദേശിയായ എഴുപത്തിയെട്ടുകാരൻ. അത്താണി സ്വദേശി എം.പി. ജോസിനാണ് നേട്ടം. 15 മണിക്കൂറിനുള്ളിൽ ഇരുന്നൂറു കിലോമീറ്റർ സൈക്കിളിൽ പൂർത്തിയാക്കുന്നതാണ് ബ്രെവെ പദവി. കോഴിക്കോട് ജില്ലയിൽ നടന്ന റാലിയിൽ 13.5 മണിക്കൂറിലാണ് അദ്ദേഹം ലക്ഷ്യം കൈവരിച്ചത്.
ഫ്രാൻസിലെ ഒഡാക്സ് ഡി പാരീസിയാൻ സൈക്കിൾ ക്ലബ്, കോഴിക്കോട് പെഡലേഴ്സ് ക്ലബുമായി സഹകരിച്ചാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. കോഴിക്കോടുനിന്നും മഞ്ചേരി, നിലന്പൂർ, മേലെച്ചാടം വരെയെത്തി തിരികെ കോഴിക്കോട് എത്തുന്നതായിരുന്നു യാത്ര.
തൃശൂർ ഓണ്‍ എ സൈക്കിൾ എന്ന കൂട്ടായ്മയെ പ്രതിനിധീകരിച്ചാണ് എം.പി. ജോസ് മത്സരത്തിൽ പങ്കെടുത്തത്. 26 പേർ പങ്കെടുത്ത റാലിയിൽ ഇതേ സംഘടനയിൽനിന്നു പി.ആർ. ഗോകുലും പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ചാണ് മത്സരത്തിനു പുറപ്പെട്ടതും. സൈക്കിളിന്റെ ടയറും ട്യൂബും പഴക്കംമൂലം തുടരെത്തുടരെ പഞ്ചറായതിനാൽ ഗോകുലിന്റെ സൈക്കിൾ ഉപയോഗിച്ചാണ് ജോസേട്ടൻ റാലി പൂർത്തിയാക്കിയത്.
ജോസേട്ടനു റാലി പൂർത്തിയാക്കാൻ സൈക്കിൾ നൽകി ഗോകുൽ പിന്മാറുകയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽനിന്ന് പ്ലംബറായി വിരമിച്ച ജോസ് വിശ്രമജീവിതം നയിക്കുകയാണ്. പങ്കെടുത്ത ഏഴുപേർക്കു ബ്രെവെ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നിടത്താണ് ജോസേട്ടന്റെ നേട്ടത്തിനു തിളക്കം കൂടുന്നത്.