കൊച്ചി: 25 വർഷത്തിലധികമായി നഗരത്തിലെ പലയിടങ്ങളിൽ സൈക്കിൽ മോഷണം പതിവാക്കിയ ആലുവ ചെങ്ങമനാട് കായിക്കൂടം കോളനിയിൽ പള്ളിപ്പറന്പിൽ ജലീലിനെ (കമറു-45) നോർത്ത് പോലീസ് പിടികൂടി. അനവധി സൈക്കിളുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്നും പ്രത്യേക ശൈലിയിലായിരുന്നു ഇയാളുടെ സൈക്കിൾ മോഷണമെന്നും പോലീസ് പറഞ്ഞു.
സെക്കൻഡ് ഷോ സിനിമ കഴിയുന്പോൾ ജലീൽ രംഗത്തെത്തും. ഓട്ടോറിക്ഷ ഡ്രൈവറാണെന്നു തോന്നിപ്പിക്കാൻ മുണ്ടും കാക്കി ഷർട്ടും ധരിച്ച് ഇടവഴികളിലൂടെയാണു യാത്ര. ഇതിനിടയ്ക്ക് ഏതെങ്കിലും വീട്ടിൽ വിലകൂടിയ സൈക്കിൽ കണ്ടാൽ അവിടെ കയറും. സ്ക്രൂഡ്രൈവറും തോർത്തും ഉപയോഗിച്ച് പൂട്ട് തകർക്കും.
പിന്നീടു മോഷ്ടിച്ച സൈക്കിളിൽ പുലർച്ചെ വൈപ്പിൻ ഫിഷിംഗ് ഹാർബറിലെത്തി അവിടെ അന്യസംസ്ഥാനക്കാരായ മത്സ്യത്തൊഴിലാളികൾക്കു നിസാരവിലയ്ക്കു വിൽപന നടത്തും. സ്ഥിരമായി ഒരിടത്തു മോഷണം നടത്താത്തതിനാൽ ജലീലിനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഹൈക്കോടതി മുൻ സർക്കാർ അഭിഭാഷകന്റെ വിലകൂടിയ സൈക്കിൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടെയാണ് ഇയാൾ കുടുങ്ങിയത്.
മോഷ്ടിച്ച മൂന്നു സൈക്കിളുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നോർത്ത് എസ്ഐ വിബിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.