തളിപ്പറമ്പ്: സൈക്കിളിനുവേണ്ടി പിടിവാശി പിടിച്ച 12 വയസുകാരി ഒരുമണിക്കൂറോളം പോലീസിനെയും നാട്ടുകാരെയും വലച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ തളിപ്പറമ്പ് ദേശീയപാതയോരത്തായിരുന്നു സംഭവം. പെണ്‍കുട്ടി റോഡില്‍വച്ചു കൂടെയുണ്ടായിരുന്ന പ്രായമായ സ്ത്രീയുടെ മുഖത്ത് അടിക്കുന്നതു കണ്ടാണ് നാട്ടുകാര്‍ ഇവരെ വളഞ്ഞത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കുട്ടി തന്റെ അനുജത്തിയുടെ മകളാണെന്നും സൈക്കിള്‍ വാങ്ങാന്‍ വന്നതാണെന്നും ഇവർ പറഞ്ഞു. കുട്ടി ആഗ്രഹിച്ച തരത്തിലുള്ള സൈക്കിൾ വാങ്ങിക്കാൻ പണം തികയാഞ്ഞതിനാൽ തിരിച്ചുപോകുകയാണെന്നും ഇവർ കരഞ്ഞുകൊണ്ട് നാട്ടുകാരോടു പറഞ്ഞു.
സ്ത്രീയുടെ അവസ്ഥ കണ്ട് ദയ തോന്നിയ നാട്ടുകാര്‍ കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സൈക്കിള്‍ കിട്ടാതെ പോകില്ലെന്ന് കുട്ടി വാശിപിടിക്കുകയും സ്ത്രീയെ മർദിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ.ബിനുമോഹന്റെ നേതൃത്വത്തില്‍ വനിതാപോലീസ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി.
എസ്ഐയും പോലീസുകാരും പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും സൈക്കിളില്ലാതെ മടക്കമില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടി. പോലീസ് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ ശക്തമായ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. സൈക്കിള്‍ കട പൂട്ടിയിരിക്കുകയാണെന്നും പിന്നീട് വാങ്ങാമെന്നും പോലീസ് സ്നേഹപൂര്‍വം പറഞ്ഞുവെങ്കിലും സൈക്കിള്‍ കിട്ടാതെ താൻ എങ്ങോട്ടും വരില്ലെന്നും തുറന്നുകിടക്കുന്ന മറ്റൊരു സൈക്കിള്‍ കട ചൂണ്ടിക്കാട്ടി അവിടെ നിന്ന് വാങ്ങിത്തന്നാല്‍ മതിയെന്നും കുട്ടി പറഞ്ഞു.
ഒടുവില്‍ ഗത്യന്തരമില്ലാതെ പോലീസ് കുട്ടിയേയും കൂട്ടി ആ സൈക്കിള്‍ കടയിലെത്തി. ഇതിനിടയില്‍ പോലീസുകാരനെ വിട്ട് ഓട്ടോറിക്ഷ വിളിച്ചുവരുത്തിയ എസ്ഐ ഒരു സൈക്കിള്‍ റോഡരികിലേക്ക് കൊണ്ടുവന്ന് ഈ ഓട്ടോറിക്ഷയില്‍ സൈക്കിള്‍ കയറ്റാന്‍ സ്ഥലമില്ലെന്നും മറ്റൊരു ഓട്ടോ വിളിച്ച് സൈക്കിള്‍ അതില്‍ കയറ്റുന്നതായി കാണിച്ച് കുട്ടിയെയും വല്യമ്മയെയും അതില്‍ കയറ്റിവിടുകയായിരുന്നു.
ഓട്ടോറിക്ഷ തളിപ്പറമ്പ് വിട്ടതോടെയാണ് ഒരുമണിക്കൂര്‍ നീണ്ട പിരിമുറുക്കത്തില്‍നിന്നും നാട്ടുകാര്‍ക്കും പോലീസിനും മോചനമായത്. കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. ലോട്ടറി വിറ്റാണ് അമ്മ കുടുംബം പുലര്‍ത്തുന്നത്. പിരിവെടുത്ത് കുട്ടിക്ക് സൈക്കിള്‍ വാങ്ങിക്കൊടുക്കാമെന്ന നിർദേശം നാട്ടുകാരുടെ ഭാഗത്തു നിന്നു ണ്ടായെങ്കിലും കുട്ടിയുമായെത്തിയ സ്ത്രീ നിരസിക്കുകയായിരുന്നു.