സി.സി.സോമൻ
കോട്ടയം: പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സ്വന്തം ആക്ടിവ സ്കൂട്ടർ വിറ്റ് സൈക്കിൾ വാങ്ങി യാത്ര ചെയ്യുന്ന പരിപ്പ് സ്വദേശി സജി നാട്ടിൽ ശ്രദ്ധേയനാകുന്നു. ആറു മാസം മുൻപാണ് പരിപ്പ് കളത്ര വീട്ടിൽ ജോയിയുടെ മകൻ സജി ജോസഫ് (44) സൈക്കിൾ യാത്ര ആരംഭിച്ചത്. ഇപ്പോൾ എവിടെ പോയാലും അത് സൈക്കിളിൽ മാത്രം. ആലപ്പുഴയിലെ അമ്മ വീട്ടിലേക്കു പോലും സജി സൈക്കിളിലാണ് പോകുന്നത്.
കോടിമത വിൻസർ കാസിൽ ഹോട്ടലിലെ ജീവനക്കാരനായ സജി ജോലിക്കെത്തുന്നത് ദിവസം 25 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ്. സൈക്കിളിനു മുന്നിലും പിന്നിലും പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്റെ പ്രചാരകനായും സജി അറിയപ്പെടുന്നു. അയൽവീടുകളിൽ സജി മരം വച്ചുപിടിപ്പിച്ചിട്ടുണ്ട്. തേങ്ങ വില വർധിച്ചതോടെ തെങ്ങിന്റെ പ്രചാരണത്തിനായി തേങ്ങ കിളിർപ്പിക്കാൻ വച്ചിട്ടുണ്ടെന്ന് സജി പറഞ്ഞു. അയൽവാസികൾക്ക് സൗജന്യമായി നല്കാനാണ് തീരുമാനം.
സൈക്കിളിൽ സഞ്ചരിച്ചാൽ ആരോഗ്യം വർധിക്കുമെന്നും ബൈക്ക് ഓടിക്കുന്പോൾ ഉണ്ടാകുന്ന മലിനീകരണം പ്രകൃതിക്കുണ്ടാകുന്നില്ല എന്നും സജി പറയുന്നു. പ്രകൃതി സംരക്ഷണത്തിന് മാതൃക കാട്ടേണ്ട മന്ത്രിമാർ വരെ പ്രകൃതിയെ നശിപ്പിക്കുന്ന ദയനീയ കാഴ്ച വേദനിപ്പിക്കുന്നതാണെന്ന് കടുത്ത പരിസ്ഥിതി സംരക്ഷകനായ സജി പറയുന്നു.
ഭാവിയിൽ എവിടെ യാത്ര ചെയ്യേണ്ടി വന്നാലും അത് സൈക്കിളിൽ മാത്രമാകുമെന്നും സജി പറയുന്നു. സജിയുടെ പരിസ്ഥിതി സ്നേഹം തിരിച്ചറിഞ്ഞ നാട്ടിലെ സ്കൂൾ അധികൃതർ കുട്ടികൾക്ക് ക്ലാസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
പരേതയായ ത്രേസ്യാമ്മയാണ് അമ്മ. അവിവാഹിതനാണ് സജി. കൃഷിക്കാരനായ പിതാവ് ജോയിയും മകന്റെ പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിൽ കൈകോർക്കുന്നു. സജിയുടെ ഫോണ്: 8547558964.