വടക്കഞ്ചേരി: സുൽഫിക്കർ കുഞ്ഞുനാൾ മുതൽ മനസിൽ താലോലിച്ചു കൊണ്ടുനടന്നിരുന്ന മോഹമായിരുന്നു രാജ്യം മുഴുവൻ സൈക്കിളിൽ ചുറ്റിക്കറങ്ങി കാണണമെന്ന്. അത് യാഥാർഥ്യമായതിന്റെ സന്തോഷം പഞ്ചാബിൽ നിന്നും പങ്കുവയ്ക്കുകയാണ് സുൽഫിക്കർ.
വടക്കഞ്ചേരി വള്ളിയോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം അഹമ്മദ് കബീറിന്റെ മകൻ സുൽഫിക്കർ എന്ന 20 കാരൻ കഴിഞ്ഞ മാസം 22 നാണ് സൈക്കിളിൽ ഭാരത യാത്ര ആരംഭിച്ചത്.
കാലുകൾ കൊണ്ട് ചവിട്ടി നീങ്ങുന്ന സാധാരണ സൈക്കിളിൽ. ഉൗട്ടിയിലേക്ക് സൈക്കിളിൽ പോയിട്ടുള്ള മുൻ അനുഭവമാണ് പ്രചോദനം.
ഒപ്പം വീട്ടുകാരും സമ്മതം മൂളി. സൈക്കിളിൽ ഒരുക്കങ്ങൾ നടത്തി. ഡ്രസ്, അത്യാവശ്യ മറ്റു സാധനങ്ങൾ. സൈക്കിളിന് മുന്നിലും പുറകിലും ചെറിയ ബോർഡും തൂക്കി. യാത്രികൻ കേരളം ടു കാഷ്മീർ.
വടക്കഞ്ചേരിയിൽ നിന്നും ഒറ്റപ്പാലം വഴി കാസർഗോഡ്, ഉടുപ്പി, പൂനെ, മുംബൈ, സൂററ്റ്, ജയ്പ്പൂർ, ന്യൂഡൽഹി, ലക്നൗ, ശ്രീനഗർ, കാർഗിൽ അങ്ങനെ യാത്ര തുടർന്നു.
അയ്യായിരത്തോളം കിലോമീറ്റർ പിന്നിട്ട് ചണ്ഡീഗഡിലുള്ള സുൽഫിക്കർ നാളെ നാട്ടിലേക്ക് തിരിക്കും. ലോകത്തിലെഏറ്റവും ഉയരം കൂടിയ പാതയായ ലഡാക്കിലെ കാർത്തുങ്ങലയും കീഴടക്കിയാണ് വിജയശ്രീലാളിതനായി സുൽഫിക്കർ നാട്ടിൽ തിരിച്ചെത്തുന്നത്.
പതിനെട്ടായിരം അടി ഉയരങ്ങളിലേക്ക് പോകുന്നതാണ് ഈ ഭീകര വിസ്മയ പാത. ദിവസവും പുലർച്ചെ നാലിന് സുൽഫിക്കറിന്റെ സൈക്കിൾ യാത്ര ആരംഭിക്കും.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കുറച്ചുസമയം വിശ്രമം. തുടർന്നും യാത്ര. രാത്രി തങ്ങാൻ പറ്റുന്ന സ്ഥലം ഒത്തുകിട്ടുംവരെ സൈക്കിൾ മുന്നോട്ടുപോകും.
മനിരപ്പായ റോഡുകളാണെങ്കിൽ ദിവസം 160 കിലോമീറ്റർ ദൂരം വരെ സൈക്കിൾ ചവിട്ടുമെന്ന് സുൽഫിക്കർ ഫോണിലൂടെ പറഞ്ഞു.
ദിവസങ്ങൾ തുടർച്ചയായി സൈക്കിൾ ചവിട്ടി കാൽമുട്ടുകൾക്ക് അസഹ്യമായ വേദനയുണ്ടാകുന്പോഴും തന്റെ മോഹം സഫലമാക്കണമെന്ന ദൃഢനിശ്ചയം സുൽഫിക്കറിനെ മുന്നോട്ടു നയിച്ചു.
ഒപ്പം കുറഞ്ഞ ദിവസം കൊണ്ട് ഇന്ത്യ ചുറ്റിക്കറങ്ങി എത്തി ഈ മാസം 30ന് ആരംഭിക്കുന്ന ഫൈനൽ ബിരുദ പരീക്ഷയ്ക്ക് ഒരുങ്ങണമെന്ന ആഗ്രഹവും പ്രതിസന്ധികളെ അതിജീവിച്ചു കുതിക്കാൻ ഈ വിദ്യാർഥിക്ക് കഴിഞ്ഞു.
രാത്രി സമയം പെട്രോൾ പന്പുകളിൽ ടെന്റ് കെട്ടി കഴിച്ചുകൂട്ടും. ഗുജറാത്തിൽ എത്തിയപ്പോൾ സുൽഫിക്കറിന് ചെറിയ പണി കിട്ടി. ഭക്ഷ്യവിഷബാധയേറ്റു. പക്ഷേ പ്രശ്നമുണ്ടാക്കിയില്ല.
അവിടെ വച്ച് പരിചയപ്പെട്ട മലപ്പുറത്തെ മലയാളികൾ രക്ഷകരായി കൂടെ നിന്നു. ഒരു ദിവസം അവരുടെ പരിചരണത്തിൽ കഴിഞ്ഞു.
പിന്നെയും അനന്തമായ യാത്രകൾ. എത്രയെത്ര ഭാഷകൾ, സംസ്കാരങ്ങൾ, മാറിമാറിയുള്ള ഭക്ഷണ കൂട്ടുകൾ, കാലാവസ്ഥാവ്യതിയാനങ്ങൾ യാത്ര മുടങ്ങാൻ ഒന്നിനു പിന്നാലെ മറ്റൊന്നായി പ്രതിബന്ധങ്ങൾ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ അതെല്ലാം തട്ടിമാറ്റിയായിരുന്നു സഞ്ചാരം.
തൃശൂർ ചുവന്നമണ്ണ് ശ്രീനാരായണഗുരു കോളജിലെ അവസാന വർഷ ട്രാവൽ ആൻഡ് ടൂറിസം ബിരുദ വിദ്യാർഥിയാണ് സുൽഫിക്കർ.
നാട്ടിൽ തിരിച്ചെത്തുന്ന ദിവസം സ്വീകരണം ഒരുക്കാനുള്ള ആലോചനയുണ്ടെന്ന് വീടിനടുത്തെ മിച്ചാരംക്കോട് സൗഹൃദ ജനകീയകൂട്ടായ്മ ഭാരവാഹിയായ അസി പറഞ്ഞു.