വണ്ടിത്താവളം: ലോകസമാധാന സന്ദേശവുമായി തിരുപ്പതിയിൽനിന്നും സൈക്കിളിൽ ഗുരുവായൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രണ്ടുപേർ വണ്ടിത്താവളത്തെത്തി.
ചാലക്കുടി കൊരട്ടി സ്വദേശി പ്രകാശൻ (70), ട്രിച്ചി ശങ്കരൻകോവിൽ ഭൂപതി (52) എന്നിവരാണ് ലോക സമാധാനത്തിനും വ്യക്തിവൈരാഗ്യം വെടിയണമെന്നുള്ള സന്ദേശം നല്കി സൈക്കിളിൽ സഞ്ചരിക്കുന്നത്.
കോവിഡ് തുടങ്ങുന്നതിമുന്പ് ഇരുവരും ട്രെയിൻമാർഗം തിരുപ്പതിയിലെത്തിയിരുന്നു. തുടർന്നു കോവിഡ് നിബന്ധന പാലിച്ച് തിരുപ്പതി അന്പലത്തിൽ കഴിഞ്ഞു. ഒന്നരമാസംമുന്പാണ് തിരുപ്പതി മലയടിവാരത്തുനിന്നും സൈക്കിൾ പ്രയാണത്തിനു തുടക്കംകുറിച്ചത്.
ഇതിനായി സ്ഥലത്തുണ്ടായിരുന്നവർ ലക്ഷ്യപ്രാപ്തി ആശംസിച്ച് ധനസഹായവും നല്കി. വേലൂർ, കാട്പാടി, ട്രിച്ചിവഴി മധുരയിലെത്തി ക്ഷേത്രദർശനം നടത്തി.
സഞ്ചാരവഴികളിലെ ക്ഷേത്രങ്ങളിലെല്ലാം തൊഴുതുമടങ്ങി. സത്യസായി ബാബയുടെ ആരാധകനാണ് പ്രകാശൻ. രാജ്യം നേരിടുന്ന മഹാമാരിക്ക് ആരോഗ്യവകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിനൊപ്പം ആത്മീയ ചിന്തകളിലും ആകൃഷ്ടരാകണമെന്നാണ് പ്രകാശൻ പറയുന്നത്.
കൂടെയുള്ള ഭൂപതി തമിഴ്നാട്ടിലുള്ള അടുത്ത ബന്ധുവാണ്. ഇരുവരും മൊബൈൽ ഫോണ് ഉപയോഗിക്കാറില്ല. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞേ വീട്ടിലേക്ക് മടങ്ങൂവെന്നും പ്രകാശൻ വ്യക്തമാക്കി.