തൃശൂർ: ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ റെയിൽവേ ട്രാക്കിൽ ഓഫീസർമാരെ കയറ്റിയിരുത്തി ട്രോളി ഉന്തുന്ന അടിമപ്പണി ഇനി വേണ്ട.
ട്രോളിയിൽ ഘടിപ്പിച്ച ’സൈക്കിൾ’ ചവുട്ടിയാൽ ട്രോളി തന്നെ ഉരുളും. സാധാരണ റെയിൽവേ ട്രാക്ക് ഇൻസ്പെക്ഷന് ഓഫീസർമാരെ ട്രോളിയിൽ ഇരുത്തി ഉന്തിക്കൊണ്ടു പോകുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്.
ട്രാക്കിലെ അറ്റകുറ്റപ്പണികൾക്കും ഇൻസ്പെക്ഷനും അത്യാവശ്യ ഘട്ടങ്ങളിൽ ട്രെയിനുകൾ അപകടത്തിൽ പെടുന്ന സ്ഥലത്തേക്കും ട്രോളിയിലാണ് സാധനങ്ങളും ആളുകളുമൊക്കെയായി പോകാൻ ട്രോളി ഉപയോഗിക്കുന്നത്.
ട്രോളി ഉന്തിയാണ് ട്രാക്കിലൂടെ കൊണ്ടുപോകുന്നത്. പഴയ ഹൂബ്ലിയായ ഹബ്ബാലി റെയിൽവേ ഡിവിഷനിലെ എൻജിനിയർമാരാണ് ട്രോളിയിൽ സൈക്കിൾ പെഡൽ ഘടിപ്പിച്ച് പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.
ട്രോളിയിൽ ആയിരം കിലോ വരെ ഭാരം വച്ച് കൊണ്ടു പോകാൻ കഴിയും. പിന്നീട് പെഡൽ ചവുട്ടിയാൽ സൈക്കിൾ പോലെ ട്രോളി നീങ്ങും. പത്തു കിലോമീറ്റർ വേഗത്തിൽ ട്രാക്കിലൂടെ ഓടും. സൈക്കിളിന്റെ പെഡലും ട്രോളിയുമായി ചങ്ങല കൊണ്ടാണ് ബന്ധിച്ചിരിക്കുന്നത്.
പെഡൽ ചവുട്ടിയാൽ ചങ്ങല തിരിഞ്ഞ് ട്രോളി നീങ്ങും. സാധാരണ തള്ളിക്കൊണ്ടു പോകുന്നതിലും വൈഗത്തിൽ ട്രോളി കൊണ്ടുപോകാനാകുമെന്നതും പ്രത്യേകതയാണ്.
ഹബ്ബാലി ഡിവിഷനിലെ പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനിയർ പി.രവികുമാർ, ഡിവിഷണൽ റെയിൽവേ മാനേജർ അരവിന്ദ് മാക്ഡേ എന്നിരുടെ നേതൃത്വത്തിലാണ് സൈക്കിൾ ട്രോളി റെയിൽവേയുടെ ഭാഗമാക്കിയത്.