കൊച്ചി: ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിവൈസിഎസ് എന്ന സംഘടന ലോകത്തിലെ പ്രധാന നഗരങ്ങളിൽ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിവരുന്ന ബൈസിക്കിൾ മേയർ പദവിക്കു തൃപ്പൂണിത്തുറ സ്വദേശി ജോബി രാജു അർഹനായി. കൊച്ചിയുടെ ബൈസിക്കിൾ മേയർ എന്ന പദവിയാണ് അദ്ദേഹത്തിന് നൽകിയത്.
സൈക്കിൾ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ പങ്ക് വിലയിരുത്തിയാണ് ജോബിക്ക് ഈ പദവി നൽകിയത്. ലോകത്തെ 84-ാമത്തെ ബൈസിക്കിൾ മേയറാണ് ജോബി. നഗരങ്ങളിൽ സൈക്കിളിന്റെ സാന്പത്തിക, ആരോഗ്യ പാരിസ്ഥിതിക നേട്ടങ്ങൾ മറ്റുള്ളവരിൽ ബോധവൽകരിക്കുകയാണ് ദൗത്യം.
2017 ൽ പെഡൽ ഫോഴ്സ് എന്ന സൈക്ലിംഗ് കൂട്ടായ്മ രൂപീകരിച്ചാണ് ജോബി ഈ മേഖലയിലേക്ക് വരുന്നത്. തുടർന്ന് സൈക്കിൾ ഉപയോഗത്തിന്റെ ഗുണം ജനങ്ങളിൽ എത്തിക്കുന്നതിനായി ഒട്ടേറെ ബോധവത്കരണ പരിപാടികളും സൈക്കിൾ റാലികളും സംഘടിപ്പിച്ചു.
കേരളത്തിലെ ഹൈവേകളിൽ സൈക്കിൾ പാതകൾ വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും ഫെഡൽഫോഴ്സാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിവിധ നഗരങ്ങളിലും സൈക്കിൾ പ്രചാരണ പരിപാടികൾ ജോബി സംഘടിപ്പിച്ചിട്ടുണ്ട്.