മുക്കം: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ആസാം ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഇവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായാഭ്യർത്ഥന നടത്തിയും സൈക്കിളിൽ ബോധവത്ക്കരണ യാത്രയുമായി രണ്ടു യുവാക്കൾ കാശ്മീരിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ കോഴിക്കോട് മാനാഞ്ചിറയിൽനിന്നാണ് പന്നിക്കോട് സ്വദേശി ത്വൽഹത്ത് പാണക്കാടനും അരീക്കാട് സ്വദേശി ഇർഷാദ് മരക്കാരുമാണ് സൈക്കിൾയാത്ര തുടങ്ങിയത് . 8000 കിലോമീറ്റർ യാത്ര കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് ഇവർ തിരിച്ചു വരിക.
കോഴിക്കോട് നിന്ന് കൽപ്പറ്റ, മൈസൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, നിസാമാബാദ്, നാഗ്പൂർ, ജാൻസി, ആഗ്ര, ഡൽഹി, അമൃത്സർ വഴി പുൽവാമയിൽ യാത്ര അവസാനിക്കും. യാത്രക്കാവശ്യമായ മുഴുവൻ ചിലവും ഇവർ സ്വന്തം തന്നെയാണ് വഹിക്കുന്നത്. പോവുന്ന വഴികളിലെല്ലാം ആസാം ജനതക്ക് സഹായം നൽകേണ്ടതിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കും.
നാടാകെ പ്രളയങ്ങൾ ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് കാരണം പ്രകൃതി ചൂഷണമാണന്നും ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധി വരെ നാടിനെ രക്ഷിക്കാനാവുമെന്നും ത്വൽഹത്ത് പറഞ്ഞു. സൈക്കിൾ യാത്രയിലൂടെ വ്യായാമം മാത്രമല്ല ഇതൊരു പരിസര മലിനീകരണമില്ലാത്ത യാത്രാമാർഗ്ഗം കൂടിയാണന്നും അദ്ദേഹം ഓർമിപ്പിച്ചു.
സേവ് ആസാം കാമ്പയിനുമായി യാത്രയാവുന്ന ത്വൽഹത്തിന് ഹീറോസ് പന്നിക്കോടിന്റെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. പന്നിക്കോട് അങ്ങാടിയിൽ നടന്ന ചടങ്ങിൽ മജീദ് പുതുക്കുടി, ലാസിം എന്നിവർ ഉപഹാരം നൽകി. മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, മിസ്റ്റർ ഇന്ത്യ മുഹമ്മദ് റാഷിദ് എന്നിവർ മുഖ്യാഥിതികളായി.