കോഴിക്കോട് : ലോക്ക് ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കെത്താന്‍ വാങ്ങിയ സൈക്കിളുകള്‍ക്ക് പോലീസിന്റെ പൂട്ട്. ഒഡിഷ സ്വദേശികളായ അതിഥിതൊഴിലാളികള്‍ കഴിഞ്ഞ ദിവസമാണ് പുതിയ 18 സൈക്കിളുകള്‍ വാങ്ങിയത്.
നാട്ടിലേക്ക് പോവുന്നതിന് വേണ്ടി മാത്രമായിരുന്നു കഴിഞ്ഞ ദിവസം തുറന്നു പ്രവര്‍ത്തിച്ച നഗരത്തിലെ സൈക്കിള്‍ കടയില്‍ നിന്ന് ഇവര്‍ സൈക്കിള്‍ വാങ്ങിയത്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് മിംസ് ആശുപത്രിക്ക് സമീപം അതിഥിതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. അവിടെ സൈക്കിളുകള്‍ കാണുകയും ചെയ്തു.
തുടര്‍ന്ന് തൊഴിലാളികളുമായി സംസാരിക്കുകയും യാത്രയുടെ ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളും പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ഒഡിഷയിലേക്ക് ട്രെയിന്‍ മാര്‍ഗം പോകണമെന്നും പോകുമ്പോള്‍ സൈക്കിള്‍ കൂടെക്കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ വാങ്ങിയ കടയില്‍തന്നെ നല്കി പണം തിരിച്ചുവാങ്ങാനും പോലീസ് സഹായം ഉണ്ടാവുമെന്നറിയിച്ചു.
അതേസമയം 14 ദിവസംകൊണ്ട് സൈക്കിളില്‍ ഒഡിഷയിലെ തങ്ങളുടെ ഗ്രാമത്തിലെത്താനാകുമെന്നാണ് തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞത്. നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികള്‍ പോവാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് സൈക്കിളുകള്‍ അവിടെ തന്നെ ചങ്ങലയിട്ട് പൂട്ടിയിടുകയായിരുന്നു.