സ്വന്തം സൈക്കിളിന്റെ സീറ്റ് മോഷണം പോയതിൽ കലിപൂണ്ട് കണ്ണിൽ കണ്ട സൈക്കിളുകളുടെ സീറ്റ് മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. ജപ്പാനിലെ ടോക്കിയൊ സ്വദേശിയായ 61കാരനാണ് അൽപ്പം വ്യത്യസ്തമായ കുറ്റകൃത്യത്തിലൂടെ മാധ്യമശ്രദ്ധനേടുന്നത്. അകിയോ ഹതോരി എന്നാണ് ഇദ്ദേഹത്തിന്റെ പേര്.
കുറച്ചു നാളുകൾക്ക് മുൻപ് ഇദ്ദേഹം ഒരു സൈക്കിളിൽ നിന്നും സീറ്റ് മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടമ ഉടൻ തന്നെ ഇത് പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹതോരിയെ പോലീസ് പിടികൂടി.
തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഏകദേശം 159 സൈക്കിൾ സീറ്റുകൾ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തുവാനുള്ള കാരണം അദ്ദേഹം പറഞ്ഞത്. സ്വന്തം സൈക്കിളിന്റെ സീറ്റ് മോഷണം പോയപ്പോൾ താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ട് എല്ലാവരും മനസിലാക്കുവാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം കുറ്റത്തിന് ശിക്ഷഅനുഭവിച്ചു വരികയാണ്. ഏറെ വ്യത്യസ്തമായ പ്രതികാരത്തിലൂടെ മാധ്യമശ്രദ്ധ നേടിയ അകിയോയെക്കുറിച്ച് നിരവധിയാളുകൾ അന്വേഷിക്കുന്നുണ്ട്.