പൂന: മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഇന്നലെ ആരംഭിച്ച 65-ാമത് ദേശീയ സ്കൂൾ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വർണം. 19 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ റോഡ് റേസ് മാസ് സ്റ്റാർട്ട് വിഭാഗത്തിൽ തിരുവനന്തപുരം പോത്തൻകോട് എസ്എസ്എൽവിഎച്ച്എസിലെ അദ്വൈത് ശങ്കറാണ് സ്വർണം നേടിയത്. തിരുവനന്തപുരം ചന്തവിളയിൽ വടക്കേക്കുന്നത്ത് വീട്ടിൽ ശങ്കരൻ-ശ്രീകല ദമ്പതികളുടെ മകനാണ് എസ്എസ്എൽസി വിദ്യാർഥിയായ അദ്വൈത്.
രണ്ടു ദിവസത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽനിന്ന് നാല് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് പങ്കെടുക്കുന്നത്. ഇന്നലെ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് മെഡൽ നേടാനായില്ല. ഇന്ന് ടൈം ട്രയൽ വിഭാഗത്തിൽ മത്സരം നടക്കും. മെബിൻ ബിനോയിയാണ് കേരള ടീമിന്റെ പരിശീകൻ. കെ.ജെ. ജോൺസൺ, എ. രേഖാകുമാരി എന്നിവർ മാനേജർമാരാണ്. കഴിഞ്ഞവർഷം റോഡ് റേസ് വിഭാഗത്തിൽ കേരളം റണ്ണറപ്പായിരുന്നു.