അടുത്ത ജംഗ്ഷൻ വരെ ഒന്നു പോയി വരാൻ പറഞ്ഞാൽ പോലും നമുക്ക് നല്ല മടിയാണ്. യാത്രകൾ ഇഷ്ടപ്പെടുന്നു എന്ന് എത്ര പറഞ്ഞാലും കുറച്ച് കഴിയുന്പോൾ മടി നമ്മളെ മൂടിയിരിക്കും. എന്നാൽ ഇപ്പോഴിതാ ഒറ്റയ്ക്ക് സൈക്കിളിൽ 12 രാജ്യങ്ങൾ സഞ്ചരിച്ച് കൈയടി നേടിയിരിക്കുകയാണ് ചൈനയിലെ ഷെങ്ഷൗവിൽ നിന്നുള്ള 66 വയസ്സുള്ള ലി ഡോങ്ജു.
കംബോഡിയ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇവർ ഒറ്റയ്ക്ക് യാത്ര ചെയ്തത്. തന്റെ മകനാണ് യാത്ര ചെയ്യാനുള്ള സൈക്കിൾ തനിക്ക് സമ്മാനിച്ചതെന്നും വീട്ടുജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്താണ് ഓരോ യാത്രയ്ക്കും ആവശ്യമായ പണം കണ്ടെത്തുന്നതെന്നും ലി പറഞ്ഞു.
വിവാഹ മോചനത്തോടെ മാനസികമായി തകർന്ന ലീ വിഷാദത്തിൽ നിന്നും കരകയറാനാണ് സൈക്ലിംഗിലേക്ക് തിരിഞ്ഞത്. പിന്നീട് മത്ത് പിടിപ്പിക്കുന്ന ഒരുതരം ലഹരിയായി അത് മാറിയെന്നും ഇവർ പറഞ്ഞു. സൈക്ലിംഗ് ആരംഭിക്കുന്നതിനു മുൻപ് താൻ ഒരു പൊട്ടക്കിണറ്റിലെ തവളയെ പോലെ ആയിരുന്നുവെന്നും എല്ലാ കാര്യങ്ങൾക്കും ആരെയെങ്കിലും ഒക്കെ ആശ്രയിച്ചിരുന്നുവെന്നും ആണ് ഇവർ പറയുന്നത്. എന്നാൽ ഇപ്പോൾ താനൊരു ചെന്നായയെ പോലെയാണെന്നും സ്വതന്ത്രയും നിർഭയയും ആണെന്നും ഇവർ പറയുന്നു.