മറഞ്ഞിരിക്കുന്ന കഴിവുകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുവാനുള്ള വഴിയായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നു.
കലാകാരന്മാര് അവരുടെ ചിത്രങ്ങളും സൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്നത് മുതല്‍ പാചക പ്രേമികള്‍ തങ്ങളുടെ വൈദഗ്ധ്യം വരെ സോഷ്യൽ മീഡിയയിൽ തുറന്നുകാണിക്കുന്നു.
ഇത് വഴി നിരവധി പ്രതിഭകള്‍ മറനീക്കി വെളിച്ചത്തിലേക്ക് എത്തിയിട്ടുമുണ്ട്.
തിരക്കേറിയ റോഡിലൂടെ സൈക്കിളില്‍ പോകുന്ന മാരിയേല്‍ എമാബ എന്ന യുവതിയുടെ അസാമാന്യ ബാലന്സിങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എന്നാല്‍ സൈക്കിള്‍ വളരെ വേഗത്തില്‍ ഓടിക്കുക മാത്രമല്ല മാരിയേല്‍ ചെയ്യുന്നത്. തന്റെ തലയില്‍ പ്ലാസ്റ്റിക്കിന്റെ ഒരു കുപ്പിവെച്ച് അത് അനായാസമായി താഴെ വീഴാതെ ബാലന്‍സ് ചെയ്തുകൊണ്ടാണ് യുവതി യാത്ര ചെയ്യുന്നത്.
സൈക്കിളില്‍ പോകുന്നതിനോടൊപ്പം അഭ്യാസപ്രകടനങ്ങളും യുവതി ചെയ്യുന്നുണ്ട്. അപ്പോഴും തലയിലിരിക്കുന്ന കുപ്പിയ്ക്ക് ഒരിളക്കവും തട്ടുന്നില്ല. അതേസമയം, മാരിയേലിന്റെ ഈ കഴിവിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.