വർക്ക് ഷോപ്പിൽ നന്നാക്കാനായി നൽകിയ സൈക്കിൾ തിരികെ ലഭിക്കുന്നില്ലെന്ന കൊച്ചുകുട്ടിയുടെ പരാതി പരിഹരിച്ച് നൽകി കേരള പോലീസ്. രണ്ട് മാസങ്ങൾക്ക് മുമ്പ് നന്നാക്കാൻ നൽകിയ സൈക്കിൾ തിരികെ ലഭിക്കുന്നില്ലെന്നായിരുന്നു കോഴിക്കോട് എളമ്പിലക്കാട് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ആബിൻ എന്ന കുട്ടിയുടെ പരാതി.
പരാതിയുടെ പൂർണരൂപം
മേപ്പയൂർ പോലീസ് സ്റ്റേഷൻ എസ്ഐക്ക്
സർ,
എന്റെയും അനിയന്റെയും സൈക്കിൾ സെപ്റ്റംബർ അഞ്ചാം തീയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിൾ കൊടുക്കുന്പോൾ 200 രൂപ വാങ്ങി വെച്ചിട്ടുണ്ട്. വിളിക്കുന്പോൾ ചിലപ്പോൾ ഫോണ് എടുക്കില്ല. ചിലപ്പോൾ എടുത്താൽ നന്നാക്കും എന്ന് പറയും. കടയിൽ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം.
എന്ന്,
ആബിൻ
സ്കൂളിന് അടുത്ത് സൈക്കിൾ കട നടത്തുന്ന ബാലകൃഷ്ണൻ എന്നയാളുടെ പക്കലാണ് കുട്ടികൾ സൈക്കിൾ നൽകിയത്. സൈക്കിൾ കിട്ടാതായതോടെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലാണ് കുട്ടികൾ പരാതിയുമായി സമീപിച്ചത്.
സുഖമില്ലാത്തതിനാലും മകന്റെ കല്യാണ തിരക്ക് കാരണവുമാണ് ഷോപ്പ് തുറക്കാൻ പറ്റാതിരുന്നതെന്നും സൈക്കിൾ നന്നാക്കാൻ വൈകിയതെന്നും ബാലകൃഷ്ണൻ പോലീസിനോട് പറഞ്ഞു. അദ്ദേഹം സൈക്കിൾ നന്നാക്കി കൊടുത്തു. രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ സൈക്കിൾ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് രണ്ട് കൊച്ചുമിടുക്കന്മാർ.