തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 680 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ഇന്ന് രാവിലെയോടെ അതിതീവ്ര ന്യൂനമർദവും തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നുമാണ് നിഗമനം.
വെള്ളിയാഴ്ച വരെ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെ ന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളം, തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാനുള്ള സാധ്യതയുണ്ട്. ചുഴലിക്കാറ്റ് വ്യാഴാഴ്ച കന്യാകുമാരി തീരത്തെത്താൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരള തീരത്ത് നിന്നും കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.