തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം ‘ബുറേവി’ ചുഴലിക്കാറ്റ് ഡിസംബർ നാ ലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോകാനുള്ള സാധ്യതയുണ്ട്.
ഇതോടെ തെക്കൻ കേരളത്തിൽ അതീവ ജാഗ്രത നിർദേശം നൽകി യിട്ടു ണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പുകളോട് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ചിരിക്കുകയാണ്.
ഇന്ന് വൈകിട്ടോടെ ശ്രീലങ്കൻ തീരം കടക്കുന്ന ചുഴലിക്കാറ്റിന്റെ തീവ്രത ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് സന്പൂർണമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തമാകുന്ന ബുറേവി ഇന്ന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരത്തെത്തും. നാളെ ഉച്ചയോടെ കേരളത്തിൽ കാലാവസ്ഥ പ്രക്ഷുബ്ദമാകും. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വ്യാപകമായും തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ അതിതീവ്രമഴയുമുണ്ടാകും.
ഇന്നു മുതൽ അഞ്ചുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍.
കേരളത്തിനുള്ള മുന്നറിയിപ്പ്
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാത്തരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും.
നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്.
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളിൽ വരുന്ന മാറ്റങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.
കിംവദന്തികൾ പ്രചരിപ്പിക്കരുത്
തീരദേശവാസികൾ എല്ലാവരും എമർജൻസി കിറ്റുകൾ തയ്യാറാക്കി വയ്ക്കണമെന്നും കിംവദന്തികൾ വിശ്വസിക്കുകയോ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. മൊബൈൽഫോണുകളിൽ ചാർജ് ഉറപ്പാക്കണം. സംശയങ്ങൾ ഉണ്ടായാൽ 1077 നമ്പറിൽ വിളിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.