മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കൊടുങ്കാറ്റ് കൂടുതൽ തീവ്രമായി. മണിക്കൂറിൽ 210 കിലോമീറ്റർ വരെ വേഗത്തിലാണ് ഇപ്പോൾ കാറ്റ് വീശുന്നത്. നിലവിൽ മുംബൈ തീരത്തിന് 160 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
വൈകുന്നേരത്തോടെ പൂർണമായും കരതൊടുമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചു. കരതൊടുന്പോൾ വേഗം മണിക്കൂറിൽ 185 കിലോമീറ്റർ വരെ ആകാമെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.
ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അടച്ചു. ബുധനാഴ്ച വടക്കൻ ഗുജറാത്തിൽ കനത്ത മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്.ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
മുംബൈ, താനെ, പാൽഗർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പെയ്യാനാണ് സാധ്യത. തീരപ്രദേശങ്ങളിൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ഓക്സിജനും വൈദ്യുതിയും മുടങ്ങരുതെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശം നൽകി. ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് കടക്കും.
165 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. മഹാരാഷ്ട്രയിലെ അഞ്ചൽവാഡിയിൽ മരം കടപുഴകി വീടിനു മുകളിലേക്ക് വീണതിനെ തുടർന്ന് സഹോദരിമാർ മരിച്ചു.
മാറ്റിപ്പാർപ്പിച്ചു
മഹാരാഷ്്ട്രയിലെ തീരദേശ ജില്ലകളായ രത്നഗിരി, സിന്ധുദുർഗ്, റായ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള 6,500 ൽ അധികം ആൾക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാ പൊതു കേന്ദ്രങ്ങളിലുമുള്ള കോവിഡ് വാക്സിനേഷൻ ഡ്രൈവ് ബിഎംസി റദ്ദാക്കി. കടലിനടുത്ത് പോകുന്നതിനെതിരെ ബിഎംസി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൻവേൽ അടക്കം നവിമുംബൈയുടെ ഒരുഭാഗം ഉൾപ്പെടുന്ന റായ്ഗഡ് ജില്ലയിൽ ഇന്ന് അതിശക്തമായ മഴയാണ് കാലാവസ്ഥകേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയടക്കം രംഗത്തുണ്ടെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആളുകൾ ജാഗ്രത പുലർത്തണമെന്നും സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മുംബൈ മേയർ കിഷോരി പെഡ്നേക്കർ പറഞ്ഞു.
ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ മൈതാനങ്ങളിലടക്കമുള്ള താൽക്കാലിക കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ നിന്ന് അറുന്നൂറോളം രോഗികളെ വിവിധ സർക്കാർ കോവിഡ് ആശുപത്രികളിലേക്ക് മാറ്റി.
ബാന്ദ്ര-കുർള കോംപ്ലക്സിലെ ജംബോ കോവിഡ് സെന്ററിൽ നിന്ന് 243 പേരെയും ദഹിസറിലെ കേന്ദ്രത്തിൽ നിന്ന് 183 പേരെയും മുളുണ്ട് ജംബോ സെന്ററിൽ നിന്ന് 154 പേരെയുമാണ് സെവൻ ഹിൽസ് അടക്കം വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.
കനത്ത മഴയിലും കാറ്റിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, രത്നഗിരി, റായ്ഗഡ്, താനെ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഇതിനകം ഉണ്ടായിരിക്കുന്നത്.
ഗ്രേറ്റ് ഡെയ്്ഞ്ചർ
ഗുജറാത്തിലെ ജുനാഗമന്ദിലെ സർക്കാർ കെട്ടിടങ്ങളിലേക്ക് നിരവധി ആൾക്കാരെ ഇതിനകം മാറ്റി. ഇന്ന് രാത്രി എട്ടിനും 11 നും ഇടയിൽ ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രവചനം.
സൗരാഷ്ട്ര മേഖലയിലെ ഗുജറാത്ത് തീരത്ത് ’ഗ്രേറ്റ് ഡേഞ്ചർ’ എന്ന സിഗ്നലാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളെ ഉൾനാടുകളിലേക്ക് മാറി.
കനത്ത മഴയിലും കാറ്റിലും കർണാടകയിൽ ഇതിനകം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. തീരപ്രദേശത്തും മധ്യ കർണാടകയിലുമായി വെവ്വേറെ സംഭവങ്ങളിൽ ആറ് പേർ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു.
ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു, ശിവമോഗ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിൽ ഉണ്ടായ കനത്ത മഴ സംസ്ഥാനത്തെ കാര്യമായി ബാധിച്ചതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കഐസ്എൻഡിഎംസി) മേധാവി സുനിൽ ഗവാസ്കർ പറഞ്ഞു.
തീരദേശത്തെ ദക്ഷിണ കന്നഡ, കൊഡഗു, ഉഡുപ്പി, ഉത്തര കന്നഡ, പശ്ചിമഘട്ടത്തിലെ ചിക്കമംഗളൂരു, ഹസ്സൻ, ശിവമോഗ എന്നിവയാണ് ചുഴലിക്കാറ്റ് ബാധിച്ച പ്രധാന ജില്ലകൾ.
6 ജില്ലകളിൽ സ്ഥാപിച്ച 10 ദുരിതാശ്വാസ ക്യാന്പുകളിൽ 516 പേരെ മാറ്റി പാർപ്പിച്ചു. 200 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുപ്രകാരം ഉഡുപ്പിയിലെ കൊല്ലൂരിൽ 240 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
കേരളത്തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.