ഫ്ലോറിഡ: ‘ഹെലൻ’ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ അമേരിക്കയെ ആശങ്കയിലാക്കി രൂപപ്പെട്ട “മിൽട്ടൺ’ ചുഴലിക്കാറ്റ് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഇന്നു രാത്രി ഫ്ലോറിഡ തീരം തൊടും.
അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള മിൽട്ടൺ കാറ്റിനെ ഏറ്റവും അപകടകരമായ ചുഴലിക്കാറ്റെന്ന നിലയിൽ കാറ്റഗറി 5 ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥയും അതീവജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ടാമ്പ, ക്ലിയർവാട്ടർ വിമാനത്താവളങ്ങൾ അടച്ചിടും.
മെക്സിക്കോ ഉൾക്കടലിനു കുറുകെ ഫ്ലോറിഡ പെനിൻസുലയിലേക്കാണ് ‘മിൽട്ടൺ’ നീങ്ങുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ മേഖലയിൽനിന്ന് ഇതിനകം ഒഴിപ്പിച്ചു. കരയിലേക്കു കടക്കുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുർബലമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കനത്തനാശം വിതച്ചേക്കുമെന്നാണു മുന്നറിയിപ്പ്. ഒരാഴ്ച മുൻപ് തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നു 232 പേർ മരിച്ചിരുന്നു.