തിരുവനന്തപുരം: അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്ലാദേശ് –
മ്യാന്മാര് തീരം തൊടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. പരമാവധി 145 കിലോമീറ്റർ വേഗതയിൽ ആയിരിക്കും കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മോക്ക ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) എട്ട് ടീമുകളെ പശ്ചിമ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്. പ്രവചനങ്ങളനുസരിച്ച് മോക്ക ചുഴലിക്കാറ്റ് 12 ന് കൊടുങ്കാറ്റായും 14 ന് അതി ശക്തമായ ചുഴലിക്കാറ്റായും മാറും.