തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സാന്നിധ്യത്തെ തുടർന്ന് കേരളത്തിലുടനീളം കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങളാണ് നിലവിലുള്ളത്. ഇതിലൊന്ന് പടിഞ്ഞാറൻ തീരത്തും രണ്ടാമത്തെ ന്യൂനമർദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ്. കേരള തീരത്തെ ന്യൂനമർദ്ദം കഴിഞ്ഞ 48 മണിക്കൂറിൽ കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട്. ഇതു ചൊവ്വാഴ്ചയോടെ നിസർഗ ചുഴലിക്കാറ്റാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ജൂണ്‍ നാല് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.