തിരുവനന്തപുരം: ഇന്നലെ അർധരാത്രി ലക്ഷദ്വീപിനു സമീപം രൂപമെടുത്ത ടൗട്ടേ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമാകും. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ടൗട്ട ഇന്നലെ രാത്രി 11.30 ഓടെയാണ് രൂപപ്പെട്ടത്.
കണ്ണൂരിൽനിന്ന് 290 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റ്. ഇതു തീവ്ര ചുഴലിക്കാറ്റായി മാറി വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മേയ് 18 ന് ഗുജറാത്ത് തീരത്തു കൂടി കരയിൽ പ്രവേശിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുൾമുനയിൽ വടക്കൻ കേരളം
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരും. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്.
ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്തു നിൽക്കുന്നതിനാൽ കേരളത്തിൽ ഇന്നും നാളെയും അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കടലാക്രമണവും ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരള തീരത്തു കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണവിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ മൂന്നുസംഘങ്ങള് കണ്ണൂരിലും കാസര്കോഡുമുണ്ട്. രണ്ടു സംഘങ്ങളെ തിരുവനന്തപുരത്തും തയാറാക്കി നിർത്തിയിട്ടുണ്ട്.
കടൽ കയറുന്നു
അതേസമയം കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. തിരുവനന്തപുരത്തു തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. ജില്ലയിൽ 78 കുടുംബങ്ങളിലായി 308 പേരെ മാറ്റി പാർപ്പിച്ചു.
വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു വീടു പൂർണമായും തകർന്നു. ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനുള്ള 318 കെട്ടിടങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയതായി ജില്ലാ കളക്ടർ ഡോ: നവ്ജ്യോത് ഖോസ അറിയിച്ചു.
തൃശൂരിൽ എറിയാട്, ചാവക്കാട്, കയ്പമംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. 105 പേരെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. കോട്ടയത്ത് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, ബേപ്പൂർ, തോപ്പയിൽ, കോതി എന്നിവിടങ്ങളിൽനിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു.
ഒറ്റമശ്ശേരി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ കടലേറ്റം തുടരുകയാണ്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ വീടുകളിൽ വെള്ളം കയറി.കുമരകത്തു നിരവധി വീടുകൾക്കു കേടുപാട് സംഭവിച്ചു. കണ്ണൂരിലും ഇടുക്കിയിലും മിക്കയിടത്തും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.