ടി.എസ്. അനന്തരാമന്‍ കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാന്‍

andaramanകൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കിന്റെ ചെയര്‍മാനായി ടി.എസ്.അനന്തരാമനെ തെരഞ്ഞെടുത്തു. നിലവിലെ ചെയര്‍മാന്‍ എസ്. സന്താനകൃഷ്ണന്‍ ഡയറക്ടറായി തുടരും. ഇന്നലെ തൃശൂരില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കാനഡയിലെ വ്യവസായ പ്രമുഖനായ ശതകോടീശ്വരന്‍ പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്‌സില്‍നിന്ന് 1000 കോടി രൂപ സ്വീകരിക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് എസ്.സന്താനകൃഷ്ണനും ടി.എസ്.അനന്തരാമനും പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ഇത് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഘടനാപരമായ ഒരു വ്യത്യാസവും ഉണ്ടാക്കില്ല. തൃശൂരില്‍നിന്ന് ബാങ്കിന്റെ ആസ്ഥാനം മാറില്ലെന്നും പേരില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഫെയര്‍ ഫാക്‌സുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്തില്ല. ഇതിനായി റിസര്‍വ് ബാങ്കിന്റെ അറിയിപ്പ് ലഭിച്ചതിനു ശേഷം പ്രത്യേകം ബോര്‍ഡ് യോഗം ചേരും. ഇന്നലത്തേത് സാധാരണ ഡയറക്ടര്‍ ബോര്‍ഡ് യോഗമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ ബാങ്കുകള്‍ക്കു മൂലധന സ്വീകരണത്തില്‍ കൂടുതല്‍ ഇളവ് വരുത്തിക്കൊണ്ട് പുതിയ നയം രൂപീകരിച്ചതിനുശേഷം ഫെയര്‍ ഫാക്‌സ് ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്‌സ് ഇന്ത്യന്‍ ബാങ്കുകളില്‍ മൂലധനം മുടക്കുന്നതിനുള്ള സന്നദ്ധതയുമായി റിസര്‍വ് ബാങ്കിനെ സമീപിക്കുകയായിരുന്നുവെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് നാലോളം ബാങ്കുകളുടെ പട്ടിക റിസര്‍വ് ബാങ്ക് ഫെയര്‍ ഫാക്‌സിന് കൈമാറി. അതില്‍ കാത്തലിക് സിറിയന്‍ ബാങ്കും ഉള്‍പ്പെട്ടിരുന്നു. നാലു ബാങ്കുകളുടെയും ചരിത്രവും പശ്ചാത്തലവും പരിശോധിച്ച ഫെയര്‍ ഫാക്‌സ് ഇതില്‍ നിന്ന് കാത്തലിക് സിറിയന്‍ ബാങ്കില്‍ മൂലധനം മുടക്കാനുള്ള താത്പര്യം റിസര്‍വ് ബാങ്കിനെ അറിയിച്ചു.

തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് റിസര്‍വ് ബാങ്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കാത്തലിക് സിറിയന്‍ ബാങ്കിന് കത്തയച്ചു. അടിയന്തരമായി ജൂണ്‍ നാലിന് ബംഗളൂരുവില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇതു ചര്‍ച്ച ചെയ്യുകയും മൂലധനം സ്വീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. പിന്നീട് പലതവണ റിസര്‍വ് ബാങ്കുമായും ഫെയര്‍ഫാക്‌സുമായും മുംബൈയില്‍ വച്ച് ചര്‍ച്ച ചെയ്തു. ചെറിയ തുക മുതല്‍ മുടക്കുന്നതിന് താത്പര്യമില്ലെന്ന നിലപാടാണ് ഫെയര്‍ ഫാക്‌സിന്റെ ഭാഗത്തുനിന്നുണ്ടായത്.

ബാങ്കിന്റെ ആധുനികവത്കരണത്തിനും മൂലധന വിപുലീകരണത്തിനും 1000 കോടി രൂപയെങ്കിലും വേണ്ടിവരുന്ന സാഹചര്യത്തില്‍ ഇത്രയും തുക സ്വീകരിക്കുന്നത് ഉചിതമാകുമെന്ന ചിന്ത മാനേജ്‌മെന്റിന് ഉണ്ടായി. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ഫെയര്‍ ഫാക്‌സ് 51 ശതമാനം ഓഹരി പങ്കാളിത്തം ബാങ്കില്‍ സമ്പാദിക്കുമെന്നും മറ്റുമുള്ള വാര്‍ത്തകള്‍ വന്നത്.

എന്നാല്‍, ഇതുസംബന്ധിച്ച ഒരു അറിയിപ്പും റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് ചൊവ്വാഴ്ച എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ എന്നറിയുന്നതിനായി റിസര്‍വ് ബാങ്കിന് കത്തയച്ചിട്ടുണ്ട്. അതിന്റെ മറുപടി ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്കു കടക്കും.

ഫെയര്‍ഫാക്‌സില്‍നിന്ന് 1000 കോടി സ്വീകരിക്കുമെങ്കിലും അതില്‍ എത്ര ഓഹരിയായിട്ടും എത്ര ബോണ്ടായിട്ടും വേണമെന്നതടക്കമുള്ള വിശദാംശങ്ങളിലേക്കൊന്നും കടന്നിട്ടില്ല.
എത്ര ശതമാനം മൂലധനം മുടക്കിയാലും പ്രമോട്ടര്‍ക്ക് 15 ശതമാനം വോട്ടവകാശമേ ഉണ്ടായിരിക്കുകയുള്ളൂ. ഫെയര്‍ഫാക്‌സ് മുതല്‍ മുടക്കുന്ന 1000 കോടി രൂപയില്‍ 300 കോടി രൂപ ബാങ്കിന്റെ ആധുനികവത്കരണത്തിനും ശേഷിക്കുന്ന പണം മൂലധനമായും പ്രയോജനപ്പെടുത്തും. മാര്‍ച്ചോടെ ഈ പണം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്.

തുടര്‍ന്ന് ബാങ്കിന്റെ ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 2017 അവസാനത്തോടെയോ 2018 തുടക്കത്തോടെയോ ഇതു സാധിക്കുമെന്നാണ് കരുതുന്നത്. പത്രസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ സി.വി.ആര്‍.രാജേന്ദ്രനും പങ്കെടുത്തു.

പ്രാഗത്ഭ്യം തെളിയിച്ചസാമ്പത്തിക വിദഗ്ധന്‍

സാമ്പത്തിക വിദഗ്ധനായ ടി.എസ്. അനന്തരാമന്‍ 2009 മുതല്‍ കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഡയറക്ടറാണ്. തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, പെനിന്‍സുലാര്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, കൊച്ചിന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ട്രിച്ചൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 2006–2008 വരെ തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1996 മുതല്‍ 2005 വരെ പെനിന്‍സുലാര്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ് ചെയര്‍മാനായിരുന്നു. 1993 മുതല്‍ 1995 വരെ കൊച്ചിന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാമ്പത്തിക അവലോകനങ്ങള്‍, വിശകലനങ്ങള്‍, സ്‌റ്റോക്ക് മാര്‍ക്കറ്റ് വിശകലനങ്ങള്‍ എന്നിവയില്‍ പ്രഗത്ഭനാണ്. 1985 മുതല്‍ ലിയോ ഫാര്‍മ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനായിരുന്നു. ഉന്നതവിജയം നേടിയശേഷം യുണൈറ്റഡ് നേഷന്‍സുമായി സഹകരിക്കുകയും ജനീവയിലെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓഫീസില്‍ ഏഴുവര്‍ഷക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് ബോട്‌സ്വാനയിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസിലും ടാന്‍സാനിയയിലും പ്രവര്‍ത്തിച്ചു.

അക്കൗണ്ടന്‍സി ട്രെയിനിംഗില്‍ ഇന്ത്യയില്‍തന്നെ മികച്ച നേതൃപാടവമുള്ള അനന്തരാമന്‍ തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്നാണ് ബികോം ബിരുദം നേടിയത്. തുടര്‍ന്ന് ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ നിന്ന് എഫ്‌സിഎ നേടി. കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലും ചില സാമ്പത്തിക മാനേജ്‌മെന്റ് സ്ഥാപനങ്ങളിലും വിസിറ്റിംഗ് ഫാക്കല്‍ട്ടിയായിരുന്നു.

സ്‌റ്റോക്ക് ബിസിനസില്‍ പങ്കാളിയായ ഗിരിജയാണ് ഭാര്യ. രണ്ടു പെണ്‍മക്കള്‍. ഇരുവരും അമേരിക്കയിലാണ്. ധനലക്ഷ്മി ബാങ്കിന്റെ എംഡി ആയിരുന്ന ടി.എസ്.പട്ടാഭിരാമന്‍ സഹോദരനാണ്.

Related posts