ചങ്ങനാശേരി: പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി പണം തട്ടുന്ന സംഘത്തെക്കുറിച്ചു സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
ചങ്ങനാശേരി സിഐ പ്രശാന്ത്കുമാറിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിനുള്ള ശ്രമം നടത്തിയിരിക്കുന്നത്. സിഐ പഠിച്ച കോളജ്, പോലീസിലെ പോസ്റ്റ്, യൂണിഫോമിലുള്ള ഫോട്ടോ തുടങ്ങിയ വിവരങ്ങളും അക്കൗണ്ടുകളിലുണ്ട്.
ഈ ഐഡിയിൽനിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചശേഷം അത്യാവശ്യമായി ഗൂഗിൾപേയിലൂടെ അക്കൗണ്ടിലേക്കു 2000 രൂപ നിക്ഷേപിക്കാനാണ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
വിവരമറിഞ്ഞു പരിചയമുള്ളവരും സുഹൃത്തുക്കളും സിഐയോട് ചോദിച്ചു തുടങ്ങിയതോടെയാണ് ഇതേക്കുറിച്ച് അദ്ദേഹമറിയുന്നത്. തുടർന്ന് സിഐ സമൂഹമാധ്യമത്തിലെ അക്കൗണ്ട് ലോക്ക് ചെയ്യുകയും സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
ഇതിനോടകം നിരവധി പേർക്കാണ് സിഐയുടെ വ്യാജ പ്രൊഫൈലിൽനിന്നു ഫ്രണ്ട് റിക്വസ്റ്റ് പോയിരിക്കുന്നത്. സംഭവം സംബന്ധിച്ച് സിഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്.
ദിവസങ്ങൾക്ക് മുന്പു കുറവിലങ്ങാട് എസ്ഐയുടെ പേരിലും സമാനരീതിയിൽ തട്ടിപ്പു നടന്നു. കുറവിലങ്ങാട് പോലീസ് സ്റ്റേഷന്റെ ഫോട്ടോ സഹിതം നൽകിയാണ് വ്യാജ പ്രൊഫൈലിലൂടെ അന്നു പണമാവശ്യപ്പെട്ട് സന്ദേശങ്ങൾ പരന്നത്.
കോവിഡ് കാലമായതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുതിയ രീതിയിലുള്ള തട്ടിപ്പുകൾ അരങ്ങേറുന്നത്. പുതിയ തട്ടിപ്പുകളിൽ വീണു പണം നഷ്ടമാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നു പോലീസ് പറഞ്ഞു.