റിയാസ് കുട്ടമശേരി
ആലുവ: മതിമറന്നു മയങ്ങാൻ പുതുവഴികൾ തേടുന്ന യുവതലമുറയുടെ ലഹരി ആസ്വാദനത്തിൽ കഫ്സിറപ്പുകൾ ഹരമാകുന്നു. വിട്ടുമാറാത്ത ചുമയ്ക്കും മറ്റും നൽകുന്ന കഫ് സിറപ്പുകളും ജീവൻ രക്ഷാമരുന്നുകളും വിദ്യാർഥികളടക്കമുള്ളവർ ലഹരിക്കായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ലഹരി ഉപയോഗം തടയാൻ എക്സൈ,് ഡ്രക്സ് വകുപ്പുകൾ സംയുക്തമായി മെഡിക്കൽ ഷോപ്പുകളിൽ കർശനമായി പരിശോധന നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകിയിരിക്കുകയാണ്. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷനും (സിഡിസിഎസ്ഒ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപേ ആലുവയ്ക്കടുത്ത് കീഴ്മാട് പഞ്ചായത്തിലെ ഇറിഗേഷൻ കനാലിൽ നിന്നും ഉപയോഗിച്ച് ഉപേക്ഷിച്ച റെഡ്കോഫ് എന്ന കഫ് സിറപ്പിന്റെ ധാരാളം കുപ്പികൾ കണ്ടെത്തിയത് ദുരൂഹത പരത്തിയിരുന്നു. ആളൊഴിഞ്ഞ ഭാഗത്തുനിന്നും ന്യൂസ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ ഒരേ കന്പനിയുടെ അന്പതോളം കഫ്സിറപ്പിന്റെ ഒഴിഞ്ഞ കുപ്പികളാണ് നാട്ടുകാർ കണ്ടെടുത്തത്. ശക്തമായ ചുമയ്ക്കു ഡോക്ടർമാർ നിർദേശിക്കുന്ന ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട മരുന്നാണിത്. ഡോക്ടർമാരുടെ കുറിപ്പ് പ്രകാരം മാത്രമെ ഈ കഫ് സിറപ്പ് മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കൂ. എന്നാൽ ഈ കഫ് സിറപ്പ് ചൂടപ്പം പോലെ വിറ്റഴിക്കുന്നതിനെക്കുറിച്ചുള്ള രാഷ്ട്രദീപികയുടെ അന്വേഷണമാണ് വിചിത്രമായ ലഹരി ആസ്വാദനത്തിന്റെ ചുരളഴിച്ചത്.
സാധാരണനിലയിൽ വീര്യമേറിയ ഈ മരുന്ന് രോഗിയായ മുതിർന്നവർക്ക് മൂന്നുനേരം രണ്ട് ടീസ്പൂണും കുട്ടികൾക്ക് ഒരു ടീസ്പൂണുമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. എന്നാൽ 100 മില്ലി സിറപ്പ് കുടിച്ചാൽ ഏഴു മണിക്കൂറോളം മയങ്ങാമെന്ന് പറയുന്നു. ഇതു മദ്യത്തിൽ ചേർത്ത് കഴിച്ചാൽ ലഹരി ഇരട്ടിയാകുകയും ചെയ്യും. കഫ് സിറപ്പിന് ആവശ്യക്കാർ ഏറിയതോടെ ഡോക്ടർമാരുടെ കുറിപ്പ് ഇല്ലാതെ തന്നെ ഇരട്ടിവിലക്കാണ് പല മെഡിക്കൽ ഷോപ്പുകളിലും ഇതു വിറ്റഴിക്കുന്നത്.
ഇത്തരം കഫ് സിറപ്പുകളുടെ അമിതമായ ഉപയോഗം രോഗങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തുച്ഛമായ തുകയ്ക്ക് മെച്ചമായി കിറുങ്ങാം എന്നുള്ളതുകൊണ്ട് സിറപ്പുകളുടെ ആവശ്യക്കാരിലേറെയും വിദ്യാർഥികളാണ്. സ്കൂൾ അധ്യാപകർക്കോ, വീടുകളിൽ രക്ഷിതാക്കൾക്കോ ഈ ലഹരി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്തതിനാലാണ് കുട്ടികളെ ഇതിലേയ്ക്ക് ഏറെ ആകർഷിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളും ഈ മാരക ലഹരിക്ക് അടിമകളായി മാറിയിട്ടുണ്ട്. ഡ്രഗ്സ് ആന്റ് കോസ്മെറ്റിസ് റൂൾസിലെ എച്ച് വണ് ഷെഡ്യൂളിൽ ഉൾപ്പെടുന്ന മരുന്നുകൾ ചട്ടങ്ങൾക്ക് വിധേയമായും നടപടിക്രമങ്ങൾ പാലിച്ചും മാത്രമെ സൂക്ഷിക്കുകയും വിതരണം നടത്തുകയും ചെയ്യാവൂ. ഇതാകട്ടെ ഡ്രഗ് കണ്ട്രോൾ ഉറപ്പു വരുത്തുകയും വേണം. ഇത്തരം മരുന്നുകളുടെ വിവിധ രജിസ്റ്ററുകൾ കൃത്യമായി പരിശോധിക്കുകയും ചെയ്യണം.
വിദ്യാലയങ്ങൾക്ക് സമീപമഉള്ള മെഡിക്കൽ ഷോപ്പുകൾ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദേശം. ഇക്കാര്യത്തിൽ നിയമലംഘനം കണ്ടെത്തിയാൽ ഷോപ്പ് ഉടമയും ഫാർമസിസ്റ്റിനുമെതിരെയും നടപടി സ്വീകരിക്കുമെന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ലഹരി നുരയുന്ന കഫ് സിറപ്പുകളുടെ ഉപയോഗം വ്യാപകമായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മീഷന്റെ ഈ ഇടപെടൽ.