ചാലക്കുടി: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റർ പൂട്ടി. ഇന്നലെ രാത്രി നടന്ന സെക്കൻഡ് ഷോ തീർന്നതിനുശേഷമാണ് തിയേറ്റർ അടച്ചുപൂട്ടിയത്. ഇന്നുമുതൽ തിയേറ്ററിൽ പ്രദർശനം അനുവദിക്കില്ല. തിയറ്ററിലെ പ്രദർശനം ഇന്നലെ പകൽ തന്നെ നിർത്തിവയ്പ്പിക്കാനുള്ള നഗരസഭയുടെ തിരുമാനമനുസരിച്ച് തിയേറ്റർ പൂട്ടി സീൽ ചെയ്യാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചെങ്കിലും തീരുമാനം നടപ്പിലാക്കാൻ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു.
ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ഹെൽത്ത് സൂപ്പർവൈസർ ദീതകുമാരിയും ഹെൽത്ത് ഇൻസ്പെക്ടർമാരായ രവീന്ദ്രൻ, റോബർട്ട് രാജ്, രാകേഷ്, നിതിൻ എന്നിവരും ഡി സിനിമാസിൽ എത്തിയത്. മുനിസിപ്പൽ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ തിയേറ്റർ ജീവനക്കാർ കൂട്ടത്തോടെ വന്ന് സംഘർഷം സൃഷ്ടിച്ചു. മാധ്യമപ്രവർത്തകരെ തള്ളി പ്പുറത്താക്കി. ഇതേത്തുടർന്ന് മാധ്യമപ്രവർത്തകരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ മുനിസിപ്പൽ ഉദ്യോഗസ്ഥർ ബലമായി ഓഫീസിനകത്തേക്കു കയറുകയായിരുന്നു.
സിഐ വി.എസ്.ഷാജു, എസ്ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം തിയേറ്റർ പരിസരത്തു നിലയുറപ്പിച്ചിരുന്നു. ഓഫീസിനകത്തു കയറിയ നഗരസഭാ ഉദ്യോഗസ്ഥർ തിയേറ്റർ പൂട്ടി സീൽ ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചുവെങ്കിലും തിയേറ്റർ മാനേജർ വഴങ്ങിയില്ല. ചങ്ക്സ് എന്ന സിനിമയുടെ റിലീസാണെന്നും 400 പേർ ഓണ്‍ലൈനിൽ സിനിമ കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് തടസപ്പെടുത്തിയത്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും തിയേറ്റർ പൂട്ടുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഒടുവിൽ നഗരസഭാ ഉദ്യോഗസ്ഥർ പോലീസ് സഹായം തേടി. പോലീസ് എത്തിയപ്പോൾ സിനിമ കാണുവാൻ ടിക്കറ്റെടുത്തവർ പുറത്തു കാത്തുനിൽക്കുകയാണെന്നും സിനിമ ഇല്ലെന്നറിഞ്ഞാൽ പ്രശ്നമുണ്ടാകുമെന്നുമായി തിയേറ്റർ മാനേജർ.
ഒടുവിൽ രാത്രി എട്ടുമണിയോടെ നഗരസഭാ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, കൗണ്‍സിലർമാരായ വി.ജെ.ജോജി, എം.എം.ജീജൻ എന്നിവരെത്തി മാനേജരുമായി സംസാരിച്ചു. ഇന്നത്തെ ഷോ കഴിഞ്ഞാൽ തങ്ങൾ തന്നെ തിയേറ്റർ പൂട്ടിക്കൊള്ളാമെന്നു നൽകിയ ഉറപ്പിൽ സിനിമാ പ്രദർശനം നടത്താൻ അനുമതി നൽകുകയായിരുന്നു. ഇതോടെ നഗരസഭാ ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കാതെ മടങ്ങി. ഇന്നുമുതൽ തിയേറ്ററിൽ സിനിമാ പ്രദർശനം അനുവദിക്കില്ലെന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു.
ഡി സിനിമാസ് പ്രവർത്തിച്ചത് ലൈസൻസില്ലാതെ
ചാലക്കുടി: ഡി സിനിമാസ് മാർച്ച് 31നുശേഷം പ്രവർത്തിച്ചത് ലൈസൻസില്ലാതെയാണെന്നു വ്യക്തമായി. 31നുശേഷം തിയേറ്ററിന്റെ ലൈസൻസ് പുതുക്കിയിരുന്നില്ല്ല. ലൈസൻസ് പുതുക്കിക്കൊടുക്കുന്നതിനുവേണ്ട രേഖകൾ ഹാജരാക്കാതിരുന്നതിനാലാണ് ലൈസൻസ് പുതുക്കാതിരുന്നതെന്നു വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ പത്രലേഖകരുടെ ചോദ്യത്തിനു മറുപടി നൽകി.
ലൈസൻസില്ലാതെ എന്തുകൊണ്ട് പ്രവർത്തിക്കാൻ അനുവദിച്ചുവെന്ന ചോദ്യത്തിന്, പണം അടച്ചിട്ടുണ്ടെന്ന മറുപടിയാണ് നൽകിയത്.അനധികൃതമായിട്ടാണ് തിയേറ്റർ പ്രവർത്തിച്ചതെന്നു സമ്മതിച്ച വൈസ് ചെയർമാൻ രേഖകൾ ഇന്നലെ ഹാജരാക്കിയിട്ടുണ്ടെന്നും അറിയിച്ചു. അഞ്ച് എച്ച്പിയിൽ കൂടുതൽ ശേഷിയുള്ള മോട്ടോർ പ്രവർത്തിപ്പിക്കാൻ കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന കാരണം പറഞ്ഞാണ് തിയേറ്റർ അടച്ചുപൂട്ടാൻ നഗരസഭായോഗം തീരുമാനിച്ചത്.
മാധ്യമപ്രവർത്തകരെ ആക്രമിച്ചു
ചാലക്കുടി: തിയേറ്റർ പൂട്ടി സീൽ ചെയ്യാൻ നഗരസഭാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യപ്രവർത്തകർക്കുനേരേ തിയറ്റർ ജീവനക്കാർ ആക്രമണം അഴിച്ചുവിട്ടു. തിയേറ്റർ കോന്പൗണ്ടിലേക്കു കയറിയ രാഷ്്ട്രദീപിക ചാലക്കുടി ലേഖകൻ സി.കെ.പോളിനെ ജീവനക്കാർ കൈയേറ്റം ചെയ്തു.
മാധ്യമപ്രവർത്തകരെ പുറത്താക്കാൻ മാനേജർ നിർദേശിച്ചതനുസരിച്ചാണ് ജീവനക്കാർ മാധ്യമപ്രവർത്തകർക്കുനേരേ തിരിഞ്ഞത്. സി.കെ.പോളിനെ തള്ളുന്നതുകണ്ട് മാധ്യമ പ്രവർത്തകർ ഒന്നിച്ച് എതിർപ്പുമായി വന്നപ്പോഴാണ് ഇവർ പിൻവാങ്ങിയത്. ജീവനക്കാർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.