തൃശൂർ: ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിക്കെതിരേ നടൻ ദിലീപ് ഹൈക്കോടതിയിൽ. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ ഒരേക്കറിലധികം ഭൂമി കൈയേറിയെന്ന പരാതിയിൽ തൃശൂർ വിജിലൻസ് കേസെടുത്തിരുന്നു. ദിലീപ്, മുൻ ജില്ലാ കളക്ടർ എം.എസ്. ജയ എന്നിവരെ എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ പരാതിയിൽ വിജിലൻസ് കോടതിയുടെ വിമർശനത്തത്തുടർന്നാണു നടപടി. അതേസമയം ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
കൈയേറ്റമോ അനധികൃതനിർമാണമോ നടന്നിട്ടില്ലെന്നായിരുന്നു നേരത്തെ ത്വരിതാന്വേഷണം നടത്തിയ വിജിലൻസിന്റെ കണ്ടെത്തൽ. ഇതിനെതിരെ പി.ഡി. ജോസഫ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
പിന്നീട് പരാതി പുതുക്കിനൽകാൻ കോടതി നിർദ്ദേശിച്ചു. തുടർന്ന് കഴിഞ്ഞ മാസം 15നാണു വീണ്ടും കേസെടുത്ത് അന്വേഷണം നടത്താൻ കോടതി വിജിലൻസിനോട് ഉത്തരവിട്ടത്. ഒരാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാതിരുന്ന വിജിലൻസിന്റെ നടപടിയെ കോടതി വിമർശിച്ചിരുന്നു.
സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റു മാത്രമാണ് കൈയേറിയതെന്നും ഇതിൽ ക്ഷേത്രം അധികാരികൾക്കു പരാതിയില്ലെന്നും നേരത്തെ അന്വേഷണം നടത്തിയ ജില്ലാ സർവേ സൂപ്രണ്ട് ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഏതാണ്ട് ഇതിനു സമാനമായ റിപ്പോർട്ടായിരുന്നു കോടതിയിൽ വിജിലൻസ് സമർപ്പിച്ചത്.