തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറ്റ ഭൂമിയിലല്ലെന്ന് റിപ്പോർട്ട്. സർവേ സൂപ്രണ്ട് ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്പോക്കു ഭൂമിയോ കൈയേറിയിട്ടില്ല.
സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.ഡി സിനിമാസിനായി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടർന്നു റവന്യൂ, സർവേ വിഭാഗങ്ങൾ പരിശോധന നടത്തിയിരുന്നു.
35 സെന്റ് സ്ഥലം തോട് പുറന്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തന്പുരാൻ കോവിലകം വകയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു.