ചാലക്കുടി: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി വീണ്ടും അളന്നുതിട്ടപ്പെടുത്തുന്നു. പുറന്പോക്കു ഭൂമി കൈയേറിയെന്ന പരാതിയിൽ കഴന്പുണ്ടെന്നു കണ്ട സാഹചര്യത്തിലാണ് സർവേ അധികൃതർ നടപടി ആരംഭിച്ചത്. രാവിലെ പത്തരയ്ക്കുശേഷം സർവേ തുടങ്ങി. ജില്ലാ സർവേ സൂപ്രണ്ട് ആർ. ബാബു, ലാന്റ് തഹസിൽദാർ വി.സി.ലൈല, ചാലക്കുടി തഹസിൽദാർ പി.എസ്.മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ ജില്ലാ സർവേ ടീമാണ് അളവ് നടത്തുന്നത്.
സിനിമാ തിയേറ്ററിന്റെ അതേ സർവേ നന്പറിലുള്ള മറ്റു സ്ഥലങ്ങളും അളക്കും. ദിലീപിനോടും സമീപ ഭൂവുടമകളോടും സർവേക്കു ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ദിലീപിനുവേണ്ടി ഡി സിനിമാസിന്റെ മാനേജർ ഹാജരാകും. 35 സെന്റ് സ്ഥലം തോട് പുറന്പോക്കാണെന്നാണ് പരാതി. രണ്ടു വർഷം മുന്പ് ഈ പരാതിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണം നടത്തി പുറന്പോക്ക് കൈയേറിയിട്ടുണ്ടെന്ന് കാണിച്ച് ലാൻഡ് റവന്യൂ കമ്മീഷണർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
35 സെന്റ് സ്ഥലം തോട് പുറന്പോക്കും ബാക്കിയുള്ള സ്ഥലം വലിയ തന്പുരാൻ കോവിലകം വകയാണെന്നുമാണ് രേഖയിൽ ഉള്ളത്. ഈ സ്ഥലം ദിലീപിന് നൽകിയപ്പോൾ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണർ കണ്ടെത്തിയത്. റവന്യൂ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഭൂമിയിടപാട് സംബന്ധിച്ച് ജില്ലാ കളക്ടർ എ.കൗശിഗൻ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം അളക്കാൻ തീരുമാനിച്ചത്.
തിയേറ്റർ പരിസരത്ത് പോലീസ് സന്നാഹം എത്തിയിട്ടുണ്ട്.