തൃശൂർ: ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കെട്ടിടം നിർമിക്കാൻ പുറന്പോക്കു സ്ഥലം കൈയേറാനും കൈയേറ്റം പൊളിക്കണമെന്ന നിർദേശം നടപ്പാക്കാതിരുന്നതിനും ഉത്തരവാദികളായവർക്കെതിരേ നടപടി ആവശ്യപ്പെട്ട് വിജിലൻസി കോടതിയിൽ ഹർജി. ത്വരിതാന്വേഷണം നടത്തി സെപ്റ്റംബർ 13 നു റിപ്പോർട്ടു സമർപ്പിക്കണമെന്ന് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു.
പൊതുതാൽപര്യ വ്യവഹാരിയായ പി.ഡി. ജോസഫ് നൽകിയ ഹർജി പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പുറന്പോക്കു സ്ഥലം കൈയേറാൻ റവന്യൂ, നഗരസഭാ അധികാരികൾ ഒത്താശ ചെയ്തിട്ടുണ്ടെന്നു പരാതിയിൽ ആരോപിക്കുന്നു.
കൈയേറ്റത്തിനെതിരേ നടപടിയെടുക്കണമെന്നു ലാൻഡ് റവന്യു കമ്മീഷണർ ജില്ലാ കളക്ടർക്കു റിപ്പോർട്ടു നൽകിയിട്ടും നടപടിയെടുത്തില്ല. ദിലീപിനെ സഹായിക്കാനാണ് ഇങ്ങനെ ക്രമക്കേടു കാണിച്ചതെന്നു ജോസഫ് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിന്റെ പകർപ്പു സഹിതമാണു ഹർജി നൽകിയിരിക്കുന്നത്.