ചാലക്കുടി: ഭൂമി കൈയേറ്റവും അനധികൃത നിർമാണങ്ങളും അഴിമതിയും മലിനീകരണ പ്രശ്നവും നിയമവിരുദ്ധമായ നടപടികളും ആരോപിച്ച് ഡി സിനിമാസ് തിയേറ്റർ ലൈസൻസ് റദ്ദുചെയ്ത് അടച്ചുപൂട്ടാൻ തീരുമാനിച്ചിട്ടും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെയും നോട്ടീസിൽ പരാമർശിക്കാതെയും തിയേറ്റർ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയതിലൂടെ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണകക്ഷിയുടെ ഇക്കാര്യത്തിലുള്ള കള്ളത്തരം പുറത്തായിരിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.
അഞ്ച് എച്ച്പിയേക്കാൾ കൂടുതൽ ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് കൗണ്‍സിൽ അംഗീകാരമില്ലാതെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നു എന്നുമാത്രം പരാമർശിച്ച് തിയേറ്ററിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ നോട്ടീസ് നൽകിയതിനു പിന്നിൽ ദുരൂഹതയുണ്ട്.
വിവാദമായ ആരോപണങ്ങൾ നാട് മുഴുവൻ പ്രചരിപ്പിച്ച്, കൗണ്‍സിലിനെ തന്നെ തെറ്റുധരിപ്പിച്ച്, കൗണ്‍സിലിനെ തന്നെ തെറ്റുധരിപ്പിക്കുന്നവിധം നിരവധി ചട്ടലംഘന നടപടികൾ ചൂണ്ടിക്കാട്ടുകയും തിയേറ്ററിലെ മലിനജലം മുഴുവൻ ചാലക്കുടി പുഴയിലേക്കു ഒഴുക്കുന്നതായി അറിയിച്ചു.
തിയേറ്റർ അടച്ചുപൂട്ടണമെന്ന് അഭിപ്രായപ്പെട്ടവർ ഇത്തരത്തിൽ ഒരു നോട്ടീസ് നൽകിയതിനു പിന്നിലെ കള്ളത്തരം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ അധ്യക്ഷത വഹിച്ചു. ഷിബു വാലപ്പൻ, മേരി നളൻ, കെ.വി.പോൾ, ബിജു എസ് ചിറയത്ത്, ജിയോ കിഴക്കുംതല, ജോയ് ചാമവളപ്പിൽ, എം.പി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.