തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം എൽഡിഎഫിൽ വേണ്ടെന്ന നിലപാടിൽ ഉറച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത് തന്നെയാണ് നിലപാടെന്ന് പാർട്ടി ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.
കേരളത്തിലെടുത്ത തീരുമാനം തന്നെയാണ് പാർട്ടി തീരുമാനമെന്നും രാജ കൂട്ടിച്ചേർത്തു.
മാണിയെ എൽഡിഎഫിൽ വേണ്ടെന്ന കേരളഘടകത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം സിപിഐ കേന്ദ്രനേതൃത്വം ശരിവച്ചിരുന്നു. കേരള കോണ്‍ഗ്രസ്-എമ്മിനെ എൽഡിഎഫിലെടുക്കുന്നത് രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ല.
മാണി യുഡിഎഫുമായും ബിജെപിയുമായും ചർച്ചയിലാണെന്നും വിലപേശൽ തന്ത്രമാണു മാണി പ്രയോഗിക്കുന്നതെന്നും സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
അതേസമയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരണം വേണോയെന്ന കാര്യത്തിൽ സിപിഎം- സിപിഐ കേന്ദ്ര നേതൃത്വം വെള്ളിയാഴ്ച നടത്തിയ ചർച്ചയിൽ ഭിന്നത നിലനിന്നതോടെ തീരുമാനം ഇരുപാർട്ടികളും സംസ്ഥാന നേതൃത്വത്തിനു വിട്ടു.