കാസര്‍ഗോഡ്: നേരത്തേ കോവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിച്ച ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഏഴുദിവസം പോലും പിന്നിടുന്നതിനുമുമ്പ് ഓഫീസിലും തലപ്പാടിയിലെ സംസ്ഥാന അതിര്‍ത്തിയിലും എത്തിയത് വിവാദമാകുന്നു.
കളക്ടറുടെ സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവാണെന്നു കണ്ടതിനെ ത്തുടര്‍ന്നാണ് അദ്ദേഹം തിരികെ ദൈനംദിന ജോലികളില്‍ പ്രവേശിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ ഇത് ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെ ഹൈ റിസ്ക്, ലോ റിസ്ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസ് വിശദീകരിക്കുന്നത്.
വളരെയടുത്ത സമ്പര്‍ക്കമുണ്ടായ ഹൈ റിസ്ക് വിഭാഗത്തിന് 28 ദിവസവും ചെറിയ സമ്പര്‍ക്കം മാത്രമുള്ള ലോ റിസ്ക് വിഭാഗത്തിന് 14 ദിവസവുമാണ് നിരീക്ഷണ കാലയളവ്.
മാധ്യമപ്രവര്‍ത്തകനുമായി ഏതാനും മണിക്കൂറുകളുടെ സമ്പര്‍ക്കം മാത്രം ഉണ്ടായിട്ടുള്ള ജില്ലാ കളക്ടറെ ലോ റിസ്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.
സാധാരണ ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ 14 ദിവസം വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നു മാത്രമാണ് വ്യവസ്ഥ.
അടിയന്തര സാഹചര്യങ്ങളൊന്നുമില്ലെങ്കില്‍ ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കാറുമില്ല. എന്നാല്‍ ജില്ലാ കളക്ടര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ച ദിവസം തന്നെ അദ്ദേഹത്തിന്റെ സാമ്പിള്‍ ശേഖരിച്ചു പരിശോധനയ്ക്കയച്ചതായാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.
തൊട്ടടുത്ത ദിവസം തന്നെ ഇത് നെഗറ്റീവാണെന്ന ഫലം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ നിരീക്ഷണ കാലാവധി അവസാനിപ്പിച്ചു കളക്ടര്‍ ഔദ്യോഗിക വസതിയില്‍നിന്ന് പുറത്തിറങ്ങി ഓഫീസിലെത്തുകയും യാത്രകള്‍ നടത്തുകയും ചെയ്യുകയായിരുന്നു.
ജില്ലാ കളക്ടര്‍ നിയമപ്രകാരം 14 ദിവസം തന്നെ ഔദ്യോഗിക വസതിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നെങ്കിലും ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്നതിന് തടസമൊന്നുമുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓഫീസിലെത്തുന്നതിനും യാത്രകള്‍ക്കും മാത്രമാണ് തടസമുണ്ടായിരുന്നത്.
രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്നും എം.സി. കമറുദ്ദീനും അടക്കമുള്ള ജനപ്രതിനിധികള്‍ക്കു പോലും നിരീക്ഷണ കാലയളവില്‍ ഓഫീസിലെത്തുന്നതിനും യാത്രചെയ്യുന്നതിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
നിരീക്ഷണ കാലയളവ് കഴിയുന്നതിനുമുമ്പ് അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും വീട്ടില്‍നിന്നു പുറത്തിറങ്ങിയതിന്റെ പേരില്‍ ജില്ലയില്‍ നിരവധി പേര് ഇപ്പോള്‍ നിയമനടപടി നേരിടുന്നുണ്ട്.