കോട്ടയം: ജില്ലാ പോലീസ് ചീഫായി ഡി. ശില്പ ചുമതലയേറ്റു. ഇന്നലെ രാവിലെ ജില്ലാ പോലീസ് ചീഫ് കാര്യാലയത്തിലെത്തിയ ശില്പ ചുമതലയേറ്റ ശേഷം പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് എംജി യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത സിഎം അറ്റ് കാമ്പസ് പ്രോഗ്രാമില്‍ പങ്കെടുത്തു. ഇതായിരുന്നു ആദ്യ പരിപാടി.
തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഡി. ശില്പ രാഷ്ട്ര ദീപികയോടു പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇലക്ഷന് വിഭാഗവുമായി ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ക്കായി യോഗവും വിളിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനമാണ് ജില്ലയ്ക്കുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനവും കര്‍ശനമാക്കാന്‍ തീരുമാനിച്ചതായും പോലീസ് ചീഫ് അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും പ്രോട്ടോകോള്‍ ലംഘനം ഒരു കാരണവശാലും അനുവദിക്കരുതെന്നും ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്കി.ട്രാഫിക് ലംഘനങ്ങള്‍ തടയുന്നതിനായി വാഹന പരിശോധന കര്‍ശനമാക്കും. ടിപ്പറുകളുടെ അമിത വേഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് ചീഫ് അറിയിച്ചു.
ജില്ലാ പോലീസ് ചീഫായിരുന്ന ജി. ജയദേവ് ആലപ്പുഴയിലേക്ക് സ്ഥലം മാറിയ ഒഴിവിലാണ് കാസര്‍ഗോഡ് ജില്ലാ പോലീസ് ചീഫായിരുന്ന ഡി. ശില്പ എത്തുന്നത്. ജില്ലാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത മേധാവിയായി എത്തുന്നത്. കര്‍ണാടക ബംഗളൂരു സ്വദേശിയായ ശില്പ 2016 ബാച്ച് ഐപിഎസ് ഓഫീസറാണ്.
ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ശില്പ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്നത്. 2019 ജനുവരിയില്‍ കാസര്‍ഗോഡ് എഎസ്പിയായി ചുമതലയേറ്റു.
കഴിഞ്ഞ മേയിലാണ് 35 കാരിയായ ശില്പ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയാകുന്നത്. മലയാളവും കന്നഡയും ഇംഗ്ലീഷും നന്നായി വഴങ്ങുന്ന ശില്പ മികച്ച പ്രകടനമാണ് കാസര്‍ഗോട്ട് കാഴ്ചവച്ചത്.