ജൊഹാനസ്ബർഗ്: കാണ്ടാമൃഗ വേട്ടക്കാരനെ ആന ചവിട്ടിയരച്ചു, സിംഹങ്ങൾ ഭക്ഷണമാക്കി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിലാണു സംഭവം അരങ്ങേറിയത്.വേട്ടക്കാരനൊപ്പമുണ്ടായിരുന്നവരാണ് ചൊവ്വാഴ്ച ആനയുടെ ആക്രമണം സംബന്ധിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ വിവരം ധരിപ്പിക്കുന്നത്. ഇവർ ദേശീയ പാർക്ക് അധികൃതരെ വിവരമറിയിച്ചു.
ഇവർ നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയെങ്കിലും തലയോട്ടിയും ഒരു ജോടി വസ്ത്രവും മാത്രമാണ് അവശേഷിച്ചിരുന്നത്. സംഭവസ്ഥലത്തു നിന്ന് തോക്കുകളും തിരകളും കണ്ടെത്തി.
ക്രൂഗർ ദേശീയ ഉദ്യാനത്തിൽ വേട്ടക്കാരുടെ നിരന്തരശല്യമുണ്ട്. കാണ്ടാമൃഗത്തെ വേട്ടയാടുകയാണ് ഇവരുടെ പ്രധാന ഉദ്ദേശ്യം. കാണ്ടാമൃഗത്തിന്റെ കൊന്പിന് ഏഷ്യൻ വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട്.