കോൽക്കത്ത: പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ പെണ്‍കുട്ടിയെ അനുമോദിക്കാൻ കോൽക്കത്ത പോലീസ് അവൾക്ക് നൽകിയത് ഡെപ്യൂട്ടി കമ്മീഷണർ പദവി. സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയാണ് റിച്ച സിംഗ് എന്ന പെണ്‍കുട്ടിക്ക് ലഭിച്ചത്. ബുധനാഴ്ച രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു റിച്ചയ്ക്ക് ഡെപ്യൂട്ടി കമ്മീഷണർ പദവി ലഭിച്ചത്.
ഗരിയാഹട്ട് പോലീസ് സ്റ്റേഷന്റെ അധികചുമതല കൂടിയുള്ള സബ് ഇൻസ്പെക്ടർ രാജേഷ് സിംഗിന്റെ മകളാണ് റിച്ച. ഒൗദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി അച്ഛനോടൊപ്പം രണ്ട് പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് റിച്ച പരിശോധന നടത്തുകയും ചെയ്തു. ഒരു ദിവസമാണെങ്കിലും പിതാവിന്റെ മേലധികാരിയായിരുന്നപ്പോൾ തന്നെ കഷ്ടപ്പെട്ടു വളർത്തിയ അച്ഛന് ആശ്വാസമേകിയ ഉത്തരവാണ് കൊച്ചു കമ്മീഷണർ പുറപ്പെടുവിച്ചത്.
പിതാവിനോട് നേരത്തേ വീട്ടിൽ പോവാനായിരുന്നു “ഡെപ്യൂട്ടി കമ്മീഷണറു’ടെ ഓർഡർ. ഇതെല്ലാം അനുഭവിച്ച പിതാവ് എങ്ങനെയാണ് സന്തോഷം പ്രകടിപ്പിക്കേണ്ടതെന്ന് പോലും അറിയാത്ത വിധം അന്ധാളിപ്പിലാണ്. തന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കുമെന്നറിയില്ലെന്നും എന്റെ ’മേലധികാരി’ തന്നോട് നേരത്തേ വീട്ടിൽപോവാൻ ഉത്തരവിട്ടപ്പോൾ താൻ അനുസരിച്ചെന്നും പിതാവ് രാജേഷ് സിംഗ് പറഞ്ഞു. ഐഎസ്സി പ്ലസ് ടു പരീക്ഷയിൽ 99.25 % മാർക്ക് നേടി റിച്ച ദേശീയതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കിയിരുന്നു.