ജയ്പുര്‍: രാജസ്ഥാനിലെ ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 68 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. രാജ്സമന്ദ് ജില്ലയിലെ ഹോട്ടലില്‍ പോലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്നു നടത്തിയ പരിശോധനയിലാണു കുട്ടികളെ കണ്ടെത്തിയത്.
അഞ്ചിനു പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണു കുട്ടികള്‍. നേപ്പാള്‍, ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളെയാണു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍നിന്നു രക്ഷപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചു. ഇരുപതുദിവസമായി കുട്ടികളെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാതി മഹാരാജിന്റെ ആശ്രമത്തിന്റെ കീഴിലുള്ളവരാണു കുട്ടികളെന്നു സംശയിക്കുന്നു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.