അക്കാലത്തു മുംബൈ നഗരത്തെ പ്രധാന അധോലോക നായകൻമാരായിരുന്നു ഹാജി മസ്താൻ, കരിം ലാല, വരദരാജ മുതലിയാർ എന്നിവർ.
ഇവരെപ്പോലെയുള്ള വന്പൻ അധോലോക നായകൻമാർ അരങ്ങു വാണ സമയത്താണ് ദാവൂദിന്റെ ഡി-കന്പനിയും ബോംബെ നഗരത്തിൽ ചുവടുറപ്പിക്കാൻ വന്നത്.
ദാവൂദിന്റെ വളർച്ച ആദ്യമൊക്ക ഹാജി മസ്താനു വലിയൊരു തലവേദനയായി മാറി. ഹാജി മസ്താൻ ഗ്രൂപ്പുമായി ദാവൂദിന്റെ ഗ്രൂപ്പ് പോരാടുക പതിവായിരുന്നു. എങ്കിലും ഹാജി മസ്താന്റെ സാമ്രാജ്യത്തിലേക്ക് അത്ര എളുപ്പം കടന്നുകയറാൻ ദാവൂദിന് ആയില്ല.
അങ്ങനെയിരിക്കെ അധോലോക രാജാവായ ഹാജി മസ്താനു വേണ്ടി അനധികൃതമായി ലക്ഷക്കണക്കിനു രൂപയുമായി ഒരു വാഹനം വരുന്നതായി ദാവൂദ് ഗ്രൂപ്പിനു രഹസ്യവിവരം ലഭിച്ചു. ഈ പണം എങ്ങനെയും കൈക്കലാക്കി ഹാജി മസ്താനു കനത്തൊരു തിരിച്ചടി നൽകാൻ ദാവൂദ് തീരുമാനിച്ചു.
ഇതിനായി ആയുധങ്ങളുമായി ഒരു സംഘത്തെ ദാവൂദ് നിയോഗിച്ചു. ആ ഒാപ്പറേഷനൊടുവിൽ പണം ദാവൂദിന്റെ സംഘം കൈക്കലാക്കി.
എന്നാൽ, ദാവൂദ് കൈയൂക്കിന്റെ ആളായിരുന്നെങ്കിൽ അതിബുദ്ധിമാനും തന്ത്രശാലിയുമായിരുന്നു ഹാജി മസ്താൻ. ആരെയും വെല്ലുന്ന തന്ത്രങ്ങളിലൂടെയാണ് അയാൾ തന്റെ സമ്രാജ്യം പടുത്തുയർത്തിയതും നിലനിർത്തിയിരുന്നതും.
പണം കവർച്ച ചെയ്തു കൊണ്ടുപോയി കഴിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന ആ യാഥാർഥ്യം ദാവൂദ് തിരിച്ചറിഞ്ഞത്, ആ പണം ഹാജി മസ്താന്റേതല്ല.
എന്നു മാത്രമല്ല വന്ന പണം മെട്രോ പൊളിറ്റൻ ബാങ്കിന്റേതായിരുന്നു. ഇതു വലിയ കോളിളക്കമായി മാറി. ബോംബെ കണ്ട ഏറ്റവും വലിയ ബാങ്ക് കവർച്ചയായിട്ടാണ് ഈ സംഭവത്തെ അക്കാലത്തു വിശേഷിപ്പിച്ചിരുന്നത്.
സത്യത്തിൽ ഹാജി മസ്താൻ ദാവൂദിനിട്ട് ഒരു മറുപണി കൊടുത്തതായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. ദാവൂദിനു തെറ്റായ സന്ദേശം നൽകി ഹാജി മസ്താന്റെ ആളുകൾ കെണിയിൽ പെടുത്തുകയായിരുന്നുവത്രേ.
അച്ഛന്റെ പൊതിരെ തല്ല്
മെട്രോപൊളിറ്റൻ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ദാവൂദിന്റെ അച്ഛൻ ഇബ്രാഹിം കസ്കറും ഒരു ഭാഗമായിരുന്നു.
അന്വേഷണം മുന്നോട്ടുപോയപ്പോൾ തന്റെ മകനാണ് തെറ്റുകാരനെന്ന് അച്ഛൻ തിരിച്ചറിഞ്ഞു. അയാൾ മകനെ വീട്ടിലേക്കു വിളിച്ചു വരുത്തി ബെൽറ്റിനു പൊതിരെ തല്ലി.
ശേഷം സ്റ്റേഷനിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു കുറ്റസമ്മതം നടത്തിച്ചു. ദാവൂദിനും എട്ടു പേർക്കുമെതിരേ ബാങ്ക് കവർച്ചയ്ക്കെതിരേ ക്രൈം ബ്രാഞ്ച് കേസെടുത്തു.
രക്ഷയ്ക്കും ക്രൈംബ്രാഞ്ച്!
ദാവൂദിനെയും സംഘത്തെയും ബാങ്ക് കവർച്ചയിൽ ക്രൈംബ്രാഞ്ച് കുടുക്കിയെങ്കിലും രക്ഷപ്പെടാനുള്ള വഴിയും ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥർ ഒരുക്കിക്കൊടുത്തു. കേസ് കോടതിയിൽ വന്നപ്പോൾ ദാവൂദ് കുറ്റവിമുക്തനാക്കപ്പെട്ടു.
ബോംബെയിൽ പോലീസിനു നിരന്തര തലവേദനയായി വിഹരിക്കുന്ന കരിം ലാലയുടെ പത്താൻസംഘത്തെ അടിച്ചൊതുക്കാൻ പോലീസ് പലതവണ ശ്രമിച്ചിട്ടും വിജയിച്ചിരുന്നില്ല.
ഈ സംഘത്തെ ഒതുക്കാൻ ശ്രമിക്കണമെന്ന ഒത്തുതീർപ്പിലാണ് ദാവൂദിനെയും സംഘത്തെയും ക്രൈംബ്രാഞ്ച് കേസിന്റെ സങ്കീർണതകളിൽനിന്നു രക്ഷപ്പെടുത്തിയതെന്നാണു പറയപ്പെടുന്നത്.
നേരത്തെതന്നെ പത്താൻ സംഘവുമായി അത്ര സ്വരചേർച്ചയിൽ അല്ലായിരുന്നു ദാവൂദ്.
(തുടരും).