തന്റെ സഹപ്രവർത്തകരുടെയും സഹോദരന്റെയും കൊലപാതകങ്ങൾക്കു പകരം വീട്ടാൻ അരുൺ ഗാവ്ലി തുനിഞ്ഞിറങ്ങി.
ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ആരെ കണ്ടാലും വെടിവച്ചു കൊലപ്പെടുത്താനുള്ള നിർദേശമാണ് ഡാഡി അനുയായികൾക്കു നൽകിയത്.
ദാവൂദിന്റെ വിശ്വസ്തരായ സതീഷ് രാജയെയും ഹവാല ഡീലറായ മഹേന്ദ്ര ചൗധരിയെയും വധിച്ചുകൊണ്ട് അരുൺ ഗാവ്ലി തുടക്കമിട്ടു. അതുകൊണ്ടും തീർന്നില്ല, ദാവൂദ് ഇബ്രാഹിമിന്റെ പെങ്ങളുടെ ഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തി സഹോദരന്റെ ചോരയ്ക്കും ഡാഡിയും ഗ്യാംഗും പക വീട്ടി.
ഇതിനിടെ, ഷാർപ്പ് ഷൂട്ടറായ ശൈലേഷ് ഹലന്ദറെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ശൈലേഷിനെ ബോംബെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതറിഞ്ഞ ദാവൂദ് വലിയൊരു ആയുധധാരികളായ സംഘത്തെ ഹോസ്പിറ്റലിലേക്ക് അയച്ചു. അവിടെയെത്തിയ സംഘം ചികിത്സയിൽ കഴിഞ്ഞിരുന്ന ശൈലേഷിനെയും കാവൽനിന്ന മൂന്നു പോലീസുകാരെയും വധിച്ചു ഡാഡിക്കു തിരിച്ചടി നൽകി.
അതിബുദ്ധിമാൻ
എന്നാൽ, ഇതു തിരിച്ചടിയായിട്ടല്ല അവസരമായിട്ടാണ് ഗാവ്ലി ഉപയോഗിച്ചത്, ബുദ്ധിശാലിയായ ഗാവ്ലി. ദാവൂദ് സംഘം ജെജെ ആശുപത്രിയിലെത്തി പോലീസുകാരെയും ശൈലേഷിനെയും കൊലപ്പെടുത്തിയതു വലിയൊരു ക്രമസമാധാന, രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവന്നു.
മാധ്യമങ്ങളിലും അധികാരകേന്ദ്രങ്ങളിലുമെല്ലാം വിഷയം കത്തിപ്പിടിച്ചു. ഇതോടെ ദാവൂദിനെ പരസ്യമായും രഹസ്യമായും പിന്തുണച്ചിരുന്ന പലരും മാളത്തിലേക്കു വലിയുകയോ മലക്കം മറിയുകയോ ചെയ്തു.
ആശുപത്രി ആക്രമണത്തോടെ ദാവൂദിനു മഹാരാഷ്ട്രയിൽ കിട്ടിക്കൊണ്ടിരുന്ന രാഷ്ട്രീയ പിന്തുണ നഷ്ടമായി. ദാവൂദിനെ പിന്തുണച്ചാൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന പേടി രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായി.
എന്നാൽ, ഡാഡിയുടെ ഗ്യാംഗിലുള്ളവർ ചില്ലറക്കാരല്ലായിരുന്നു. രാഷ്ട്രീയ വിവാദം ഒരു വശത്തു തകർക്കുന്പോഴും അതുകൊണ്ടു മാത്രം തൃപ്തിപ്പെടാൻ ഗാവ്ലിയും സംഘവും തയാറായില്ല.
അവർ തങ്ങളുടേതായ ശൈലിയിൽ ഒാപ്പറേഷൻ വേറെ നടത്തി. കണ്ണിൽച്ചോരയില്ലാത്ത പകപോക്കൽ ആയിരുന്നു അത്. ദാവൂദിന്റെ മുംബൈയിലെ അനുയായികളെ കൃത്യമായി ലക്ഷ്യമിട്ടു നടത്തിയ നീക്കത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ദാവൂദിന്റെ പല സംഘാംഗങ്ങളും പരലോകംപൂണ്ടു. മുംബൈ കണ്ട ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണ് അക്കാലത്ത് അവിടെ നടന്നത്. ദാവൂദ് ഇബ്രാഹിമിനു നേരിടേണ്ടി വന്നതിൽ ഏറ്റവും അപകടകാരിയായ, ബുദ്ധിമാനായ ശത്രുവായിരുന്നു ഡാഡി.
ശിവസേനയുമായി അടുപ്പം
അരുൺ ഗാവ്ലി ആദ്യ കാലത്തു ശിവസേനയും നേതാവ് ബാൽതാക്കറെയുമായി അടുപ്പം പുലർത്തിയിരുന്നു. അക്കാലത്തു നമ്മുടെ പയ്യൻമാർ എന്ന ഇമേജ് ശിവസേനയുമായുള്ള ബന്ധത്തിലൂടെ ഗാവ്ലി നേടിയെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാനു ദാവൂദ് ഇബ്രാഹിം ഉണ്ടെങ്കിൽ ഇന്ത്യയ്ക്ക് അരുൺ ഗാവ്ലിയുണ്ടെന്ന പ്രസ്താവന ബാൽതാക്കറെ നടത്തുന്നത്.
ശിവസേനയുമായുള്ള അടുപ്പത്തോടെയാണ് ഗാവ്ലിയിൽ രാഷ്ട്രീയ മോഹവും വളരുന്നത്. ശിവസേന എംഎൽസി രമേഷ് മോറെയെ ഗാവ്ലി കൊലപ്പെടുത്തിയതോടെ ശിവസേനയുമായി ഗാവ്ലി തെറ്റി.
(തുടരും)