ഇതിനെ വിളിക്കാൻ കൊടുംക്രൂരത എന്ന പദം മാത്രം മതിയാകുമോ? ഡെന്മാർക്കിലെ സീരിയൽ കില്ലറായിരുന്നു ഡാഗ്മാറിന്റെ ജീവിതകഥ അടുത്തറിഞ്ഞ ആരും ഇതു ചോദിച്ചുപോകും.
തികച്ചും പൈശാചികമായ പ്രവർത്തികളൂടെ ലോകത്തെ ഞെട്ടിച്ച ഈ വനിതയുടെ ക്രൂരതകൾക്ക് ഇരയായത് മറ്റാരുമായിരുന്നില്ല, പിഞ്ചു കുഞ്ഞുങ്ങളായിരുന്നു.
ഒന്നും രണ്ടുമല്ല നിഷ്കളങ്കരായ 25 കുഞ്ഞുങ്ങൾ. കൊടുംകുറ്റവാളികൾ പോലും പലപ്പോഴും നിസഹായരായ കുഞ്ഞുങ്ങളോടു കാരുണ്യം കാണിക്കും.
എന്നാൽ, ഇവൾ അവരുടെ ആരാച്ചാരായി മാറുകയായിരുന്നു, അനാഥ കുഞ്ഞുങ്ങളുടെ ആരാച്ചാർ! പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടക്കശാപ്പ് നടത്തിയവൾ.
സ്വന്തമായി അനാഥാലയം നടത്തിവന്ന ഇവരുടെ മുഴുവൻ പേര് ഡാഗ്മാർ ഒാവർബി.1913-1920 കാലഘട്ടത്തിൽ നിഷ്കളങ്കരായ 25 കുഞ്ഞുങ്ങളെയാണ് ഇവർ യാതൊരു കരുണയുമില്ലാതെ കൊന്നുതള്ളിയത്. അതും അനാഥകളായ, ആരും ചോദിക്കാനും പറയാനുമില്ലാത്ത പാവപ്പെട്ട പിഞ്ചു പൈതലുകളെ.
മോഷണത്തിൽ തുടക്കം
1887 ഏപ്രിൽ 23ന് ഡെൻമാർക്കിലെ അസെൻഡ്രൂപ്പ് എന്ന ചെറുപട്ടണത്തിൽ അവൾ ജനിച്ചു. മാതാപിതാക്കൾ കർഷകരായിരുന്നു. ദാരിദ്രത്തിലായിരുന്നു അവളുടെ ബാല്യകാലം.
ചെറുപ്പം മുതൽ മോഷണത്തോട് വല്ലാത്ത കന്പം അവൾ കാണിച്ചു. അതു മാനസികമായ ഒരു പ്രശ്നമായിരുന്നോയെന്നും സംശയമുണ്ട്. അതിലവൾ ഒരു രസം കണ്ടിരുന്നു.
പന്ത്രണ്ടാം വയസിൽ ഒരാളുടെ പഴ്സ് അടിച്ചുമാറ്റിയായിരുന്നു ആദ്യ മോഷണം. ഇതിൽ പിടിക്കപ്പെട്ടു. ഇതോടെ മാതാപിതാക്കൾ അവളെ നാട്ടിൽനിന്ന് അകലെയുള്ള ഒരു കുടുംബത്തിൽ വീട്ടുജോലിക്ക് അയച്ചു.
പക്ഷേ, ജീവിതത്തിൽ നല്ല നിലയിൽ മുന്നോട്ടുപോകാൻ അവൾക്കൊരു താല്പര്യവും ഇല്ലായിരുന്നു. അങ്ങനെയവൾ വീണ്ടും മോഷണത്തിലേക്കു കടന്നു. ഒരു കേസിൽ വീണ്ടും പിടിക്കപ്പെട്ടു. ഇതോടെ അവളെ വനിതാ ജയിലിലേക്ക് അയച്ചു.
ജയിലിൽനിന്നു പുറത്തിറങ്ങിയ അവൾ മറ്റൊരു വീട്ടിൽ പരിചാരികയായി ജോലി ചെയ്തു. ഇതിനിടെ ഒരാളുമായി പ്രണയത്തിലായി. അങ്ങനെ അവനോടൊപ്പം താമസമാക്കി.
ഒരു കുഞ്ഞിനും ജന്മം നൽകി.
അനാഥാലയം തുടങ്ങുന്നു. 1915ൽ അവൾ കോപ്പൻഹേഗനിലേക്കു സ്ഥലം മാറി. കോപ്പൻഹേഗനിൽ, അവൾ അനാഥാലയം തുടങ്ങി.
അക്കാലത്തു ഡെന്മാർക്കിൽ ഗർഭഛിദ്രം ശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു. അതുകൊണ്ടുതന്നെ അവിഹിതബന്ധങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ ഒഴിവാക്കാൻ ചിലർ മറ്റു സങ്കേതങ്ങൾ തേടിയിരുന്നു. ഇതിനുള്ളസാധ്യത തിരിച്ചറിഞ്ഞായിരുന്നു ഒാവർബി പിഞ്ചുകുഞ്ഞുങ്ങൾക്കായി അനാഥാലയം എന്ന പദ്ധതിയിട്ടത്.
തെറ്റായ ബന്ധങ്ങൾ
അവിഹിത ബന്ധത്തിലൂടെയുണ്ടായ കുഞ്ഞുങ്ങൾ, പോറ്റാൻ നിവൃത്തിയില്ലാത്ത മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, മാതാപിതാക്കൾ മരിച്ചുപോയവർ, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ ഇവരൊക്കെയായിരുന്നു ഒാവർബിയുടെ അനാഥാലയത്തിൽ എത്തിയ പൈതലുകൾ. ഇവിടെ കുഞ്ഞുങ്ങളെ ഏല്പിച്ച പല മാതാപിതാക്കളും തങ്ങളുടേതായ സുഖങ്ങൾ തേടിപ്പോയി.
അവരിൽ പലരും പിന്നീടു കുഞ്ഞുങ്ങളെ തേടിയെത്തിയതേയില്ല. കുഞ്ഞുങ്ങൾ എങ്ങനെ കഴിയുന്നുവെന്ന് അന്വേഷിച്ചതുമില്ല.
(തുടരും).