കണ്ണൂർ: കണ്ണൂരിലെ വ്യവസായിക്ക് നിർമിച്ചുനൽകാനേറ്റ ഡയമണ്ട് കാപ്പ് പറഞ്ഞ സമയത്ത് നൽകാൻ കഴിയാത്തതിനെ തുടർന്ന് തലശേരിയിലെ ഒരു ജ്വല്ലറിക്കാരന്റെ കളവുനാടകം റെയിൽവേ പോലീസ് പൊളിച്ചു. കഴിഞ്ഞ ദിവസമാണ് തലശേരിയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രാമധ്യേ രണ്ടുലക്ഷം രൂപയും 150 ഗ്രാം സ്വർണവും ഒന്നേമുക്കാൽകിലോഗ്രാം വെള്ളിയും കളവുപോയെന്നു കാണിച്ച് ഇയാൾ കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകുന്നത്.
സംഭവത്തിൽ സംശയം തോന്നിയ റെയിൽവേ പോലീസ് ഇയാൾ യാത്ര ചെയ്ത സ്ഥലങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ചപ്പോൾ ഇയാളുടെ അസാന്നിധ്യം വ്യക്തമായതാണ് സംശയത്തിന് വഴിവച്ചത്.
തുടർന്ന് ഇയാളെ തുടർച്ചയായി ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് സാന്പത്തിക വിഷമം കാരണം കണ്ണൂരിലെ വ്യവസായി പറഞ്ഞ ഡയണ്ട് വച്ച കാപ്പ് യഥാസമയത്ത് നൽകാൻ കഴിയാത്തതിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് കളവുനാടകം നടത്തിയതെന്ന് വ്യക്തമായത്. തലശേരിയിലെ സ്വർണപ്പണിക്കാരിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി ജില്ലയിലെ വിവിധ ജ്വല്ലറികളിൽ വില്പന നടത്തുകയാണ് ഇയാളുടെ ജോലി.
തവണ വ്യവസ്ഥയിലാണ് ജ്വല്ലറി ഉടമകൾ ഇയാൾക്ക് പണം നൽകുന്നത്. എന്നാൽ സാന്പത്തിക പ്രയാസം കാരണം ഇയാൾക്ക് കൃത്യസമയത്ത് കാപ്പ് നിർമിച്ചുനൽകാൻ സാധിക്കാത്തതും കൂടുതൽ ബാധ്യതയും വന്നതാണ് ഇത്തരം ഒരു കളവുനാടകത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്.