തൊടുപുഴ: സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരത്തിനു പിന്നാലെ സംസ്ഥാന ക്ഷീരസഹകാരി അവാർഡും കെ.ബി.ഷൈനിന്. അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ചാണ് ഉടുന്പന്നൂർ കുറുമുള്ളാനിയിൽ ഷൈനിനെ തേടി സംസ്ഥാന പുരസ്കാരമെത്തിയത്.
മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്താണ് അവാർഡ് പ്രഖാപിച്ചത്. ഈ സാന്പത്തിക വർഷം മിൽമയ്ക്ക് ഏറ്റവും കൂടുതൽ പാൽ നൽകിയ കർഷകനെന്ന നിലയ്ക്കാണ് പുരസ്കാരം. സംസ്ഥാന ക്ഷീരവികസനവകുപ്പ് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇത്. അണക്കരയിൽ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് കാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.
ഈ സാന്പത്തിക വർഷത്തിൽ 7,20,312.4 ലിറ്റർ പാലാണ് ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീരസംഘത്തിൽ അളന്നത്. പ്രതിദിനം 2100 ലിറ്റർ പാൽ അളക്കുന്നുണ്ട്. നിലവിൽ 230 കറവപ്പശുക്കളും 55 കിടാരികളും രണ്ട് കന്നുക്കുട്ടികളും രണ്ട് എരുമകളും ഈ യുവകർഷകന്റെ ഡയറിഫാമിലുണ്ട്. പ്രതിദിനം 2600 ലിറ്റർ പാൽ ഇദ്ദേഹം ഫാമിൽ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. സംഘത്തിൽ നിന്നും ലിറ്ററിന് ശരാശരി 43.52 രൂപ പാൽവിലയായി ലഭിക്കുന്നുണ്ട്.
വർഷങ്ങളായി ഷൈനും കുടുംബവും ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്. ശാസ്ത്രീയമായി നിർമിച്ച തൊഴുത്തും പൂർണമായ ഫാം യന്ത്രവൽക്കരണവും നാല് ഹെക്ടർ സ്ഥലത്ത് പുൽകൃഷിയും ഇത്രയധികം പശുക്കളെ പരിപാലിക്കുന്നതിന് സഹായകരമാകുന്നു.
ചാണകം സംസ്കരിച്ച് പൊടിച്ച് വിപണനം നടത്തുന്നതും ഫാമിലുണ്ടാകുന്ന അവശിഷ്ടങ്ങൾ ഉപയോഗിച്ച് മത്സ്യം വളർത്തിയും വിൽപ്പന നടത്തുന്നു. കൂടാതെ വിവിധ കൃഷികളുമുണ്ട്. സമ്മിശ്ര ക്ഷീരകർഷകനായ ഷൈനിന് കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഈ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. അച്ഛൻ ബാലൻ, അമ്മ ലീല, ഭാര്യ സുബി, മക്കളായ അഞ്ജന, നന്ദന, അഭിരാം എന്നിവരടങ്ങുന്നതാണ് ഷൈനിന്റെ കുടുംബം.