ബോളിവുഡിലെ സൂപ്പർതാരം സൽമാൻഖാൻ നായകനാകുന്ന റേസ് 3 എന്ന ചിത്രത്തിൽനിന്ന് യുവതാരം സിദ്ധാർഥ് മൽഹോത്ര എന്തിനു പിൻമാറിയെന്നതാണ് ഇപ്പോഴത്തെ ബോളിവുഡ് ചർച്ച. ഡേറ്റ് പ്രശ്നമാണെന്ന് പുറമേ പറയുന്പോഴും കാര്യം അതല്ലായെന്നാണ് ബോളിവുഡിലെ പിന്നാന്പുറ സംസാരം. രമേശ് തൗറാനി നിർമിച്ച് റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ടാം നായകനായിട്ടാണ് സിദ്ധാർഥിനെ പരിഗണിച്ചിരുന്നത്. ചിത്രത്തിൽ അഭിനയിക്കാമെന്ന് സിദ്ധാർഥ് സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാൽ സിദ്ധാർഥിന്റെ നായികയായി എത്തുന്നത് യുവസുന്ദരി ഡെയ്സി ഷാ ആണ്. ഡെയ്സി ഷായുടെ നായകനായി അഭിനയിക്കാൻ സിദ്ധാർഥിനു താല്പര്യമില്ലത്രേ. അതുകൊണ്ടാണ് താരം ചിത്രത്തിൽനിന്ന് പിൻമാറിയതെന്നാണ് കേൾക്കുന്നത്. ബോളിവുഡിലെ മുൻനിര നായികമാർക്കൊപ്പം നായകനായി അഭിനയിക്കുന്ന സിദ്ധാർഥിനു ഡെയ്സി ഷായെപ്പോലുള്ള രണ്ടാം നിര നായികമാരോടൊപ്പം നായകനായി അഭിനയിച്ചാൽ അതു തന്റെ താരപദവിയെ ബാധിക്കുമോയെന്ന് ഭയമുണ്ടത്രേ.